ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയന്‍; ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ആശയത്തിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്‌സ്’ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. ആശയം ഇന്ത്യന്‍ യൂണിയനും സംസ്ഥാനങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണെന്ന് വിമര്‍ശനം. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യന്‍ യൂണിയനും എല്ലാ സംസ്ഥാനങ്ങള്‍ക്കും മേലുള്ള ആക്രമണമാണ്” – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്രം വെള്ളിയാഴ്ച ഒരു സമിതിയെ പ്രഖ്യാപിച്ചിരുന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് എട്ടംഗ സമിതിയുടെ അധ്യക്ഷന്‍.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ പ്രതിപക്ഷ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ്, മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ, ലോക്‌സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ ഡോ. സുഭാഷ് സി കശ്യപ്, പതിനഞ്ചാം സാമ്പത്തിക കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍.കെ സിംഗ്, മുന്‍ ചീഫ് വിജിലന്‍സ് കമ്മിഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് മറ്റ് സമിതി അംഗങ്ങള്‍. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്.

Top