rahul gandhi against pm modi

modi-rahul

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

ഗുജറാത്തിലെ മെഹ്‌സാനയില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുമ്പോഴാണ് രാഹുല്‍ മോദിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

2013 ഒക് ടോബര്‍ മുതല്‍ 2014 ഫിബ്രവരി വരെ ആറ് മാസക്കാലയളവിനിടയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ഒമ്പത് തവണയായി 40 കോടി രൂപ കോഴ വാങ്ങിയെന്നാണ് രാഹുലിന്റെ ആരോപണം.

കോഴ വാങ്ങിയതിന് ആദായനികുതി വകുപ്പിന്റെ രേഖകള്‍ തെളിവായിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്ന് മോദി കോഴ വാങ്ങിയതിന്റെ രേഖകള്‍ ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയതായി അരവിന്ദ് കെജ് രിവാള്‍ ആരോപിച്ചിരുന്നു. ആ ആരോപണം ആവര്‍ത്തിച്ചതിനൊപ്പമാണ് സഹാറ ഗ്രൂപ്പില്‍ നിന്നും കോടികള്‍ മോദി വാങ്ങിയെന്ന് രാഹുല്‍ ആരോപിച്ചത്.

2013 ഒക് ടോബര്‍ 30 ന് 2.5 കോടിയും 2013 നവംബര്‍ 12 ന് 5 കോടിയും നവംബര്‍ 27 ന് 2.5 കോടിയും നവംബര്‍ 29 ന് 2.5 കോടിയും കോഴ കൈപ്പറ്റിയെന്നാണ് രാഹുലിന്റെ ആരോപണം

2013 ഡിസംബര്‍ 13, 19, 2014 ജനവരി 13, 28 ഫെബ്രുവരി 11 എന്നീ തീയതികളില്‍ അഞ്ച് കോടി വീതവും മോദി കോഴ വാങ്ങിയെന്നാണ് ആരോപണം. ആകെ 40 കോടി കൈപ്പറ്റിയെന്നാണ് രാഹുല്‍ പറയുന്നത്.

2014 നവംബര്‍ 22 ന് സഹാറ ഗ്രൂപ്പില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഇതുസംബന്ധിച്ച രേഖകള്‍ ലഭിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

Top