‘രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാപദവിയെ അവഹേളിക്കുകയാണ്’; രാഹുൽ ഗാന്ധി

ന്യൂഡൽഹി : ‘അഹന്തയുടെ ഇഷ്ടികകൾ കൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങളാലാണ് പാർലമെന്റ് നിര്‍മിച്ചിരിക്കുന്നതെ’ന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘രാഷ്ട്രപതി ദ്രൗപദി മുർമുവിന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ അവസരം നൽകാത്തതിലൂടെയും ഉദ്ഘാടനച്ചടങ്ങിലേക്ക് രാഷ്ട്രപതിയെ കക്ഷിയാക്കാത്തതിലൂടെയും രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാപദവിയെ അവഹേളിക്കുകയാണ്’-ട്വീറ്ററിൽ രാഹുൽ ഗാന്ധി കുറിച്ചു.

പാർലമെന്റ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് വ്യക്തമാക്കി 19 പ്രതിപക്ഷ കക്ഷികൾ പ്രസ്‌‍താവന ഇറക്കിയതിനു പിന്നാലെയായിരുന്നു രാഹുൽഗാന്ധിയുടെ പ്രതികരണം. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള 19 പ്രതിപക്ഷകക്ഷികൾ വ്യക്തമാക്കിയിരുന്നു.

മേയ് 28നാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. രാഷ്ട്രപതി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യണമെന്നാണ് പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടത്. 28ന് രാവിലെ തന്നെ പൂജകൾ ആരംഭിച്ച് ഉച്ചയോടെ ഉദ്ഘാടന ചടങ്ങ് നടത്തുന്ന രീതിയിൽ ആയിരിക്കും അന്നത്തെ ദിവസത്തെ പരിപാടികൾ.

Top