രാജ്യം മുൾമുനയിൽ നിൽക്കുമ്പോൾ മോദി ചൈനയിൽ പോയി ചായ കുടിക്കുന്നുവെന്ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി കടന്നാക്രമിച്ച് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ദോക് ലാം വിഷയം ഇപ്പോഴും പുകഞ്ഞ് കൊണ്ടിരിന്നിട്ടും അതേ കുറിച്ച് ഒരക്ഷരം മിണ്ടാതെ ചൈനീസ് പ്രസിഡന്റിനൊപ്പം ചായ കുടിച്ച് തിരിച്ച് പോന്നിരിക്കുകയാണ് മോദിയെന്ന് രാഹുല്‍ ആരോപിച്ചു.

രാംലീല മൈതാനത്ത് നടന്ന ജന്‍ ആക്രോശ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനു പുറമെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരും റാലിയെ അഭിസംബോധന ചെയ്തു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്, പൊതുതിരഞ്ഞെടുപ്പ് എന്നിവ മുന്നില്‍ക്കണ്ടാണു ജന്‍ ആക്രോശ് റാലി.

ജനവിരോധികളായ മോദിയും സര്‍ക്കാരും ജനാധിപത്യ ഇന്ത്യയെ നശിപ്പിക്കുകയാണ്. ആര്‍എസ്എസ്-ബിജെപി അച്ചുതണ്ട് ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കുമ്പോള്‍ മോദി നിശബ്ദനായി നോക്കിനില്‍ക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

‘യാതൊരു അജണ്ടയുമില്ലാതെ ചൈനയില്‍ പോയി പ്രസിഡന്റിനൊപ്പം ചായ കുടിച്ചു മടങ്ങിയെത്തിയിരിക്കുകയാണു മോദി. രാജ്യത്തെ ദോക്‌ലാം വിഷയത്തെക്കുറിച്ച് ഒരു വാക്കുപോലും പ്രധാനമന്ത്രി മിണ്ടിയില്ല. ചൈനയാകട്ടെ ദോക്‌ലാമില്‍ ഹെലിപാഡുകളും വിമാനത്താവളവും നിര്‍മിക്കുന്നു. ഇന്ദിരാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഐ.കെ. ഗുജറാള്‍ തുടങ്ങിയ മുന്‍ പ്രധാനമന്ത്രിമാരൊന്നും ഇത്തരമൊരു സന്ദര്‍ശനം നടത്തിയിട്ടില്ല. രാജ്യത്തിന്റെ 70 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിതെന്നും രാഹുല്‍ വിമര്‍ശിച്ചു.

നമ്മുടെ രാജ്യത്തു സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു വിദേശമണ്ണില്‍ പോയി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ഉന്നാവോയില്‍ ബിജെപിയുടെ സ്വന്തം ആളുകളാണ് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കശ്മീരിലെ കത്വയിലും സ്ഥിതി വ്യത്യസ്തമല്ല. ഈ സംഭവങ്ങളെക്കുറിച്ച് മോദി ഒരക്ഷരം പോലും മിണ്ടിയില്ലെന്നും രാഹുല്‍ പറയുന്നു.

70 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് രാജ്യത്തിനായി ഒന്നും ചെയ്തില്ലെന്ന മോദിയുടെ പരാമര്‍ശത്തോടും രാഹുല്‍ പ്രതികരിച്ചു. 60 മാസത്തെ സമയം തന്നാല്‍ ഇന്ത്യയെ പരിഷ്‌കരിക്കാമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. എന്നിട്ടെന്തായി എന്ന് രാഹുല്‍ ചോദിക്കുന്നു. അക്രമത്തിലും സംഘര്‍ഷത്തിലുമാണ് ബിജെപിയുടെ വിശ്വാസം. സ്‌നേഹത്തില്‍ വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസ് . 70 വര്‍ഷത്തിനിടെ ന്യൂനപക്ഷങ്ങള്‍ക്കുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും കോണ്‍ഗ്രസ് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്-രാഹുല്‍ പറഞ്ഞു.

‘കോണ്‍ഗ്രസിനെ കൂടാതെ രാജ്യത്തു കര്‍ഷകര്‍ക്കു ജീവിക്കാനാകില്ല. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ രാജ്യത്തെ എല്ലാ ഭൂമിയും പ്രധാനമന്ത്രി മോദി തട്ടിയെടുത്തേനെ. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യം പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ മറുപടി തരാനുള്ള മര്യാദ പോലും അദ്ദേഹം കാണിച്ചില്ല. കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ 10 ദിവസത്തിനുള്ളില്‍ വായ്പകളെല്ലാം എഴുതിത്തള്ളി. അതാണു വേണ്ടത്’-രാഹുല്‍ ചൂണ്ടിക്കാട്ടി.

‘എല്ലാ സ്ഥാനത്തും ആര്‍എസ്എസ് ബന്ധമുള്ളവരെ പ്രതിഷ്ഠിക്കാനാണു മോദി സര്‍ക്കാരിന്റെ ശ്രമം. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ തൊഴില്‍ ക്ഷാമത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ചൈന ഓരോ 24 മണിക്കൂറിലും 50,000 പേര്‍ക്കു തൊഴില്‍ നല്‍കുമ്പോള്‍ നാം ജോലി നല്‍കുന്നത് വെറും 450 പേര്‍ക്കാണ്’

എവിടെച്ചെന്നാലും ജനങ്ങളോടു നിങ്ങള്‍ സന്തോഷവാന്‍മാരാണോ എന്നു ഞാന്‍ ചോദിക്കാറുണ്ട്. എല്ലായിടത്തുനിന്നും കിട്ടുന്നത് ഒരേ ഉത്തരമാണ്. ‘അല്ല…’! ഓടിനടന്നു വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മാത്രമാണു പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്നും രാഹുല്‍ വിമര്‍ശിച്ചു.

ക്ഷേത്രങ്ങളും മസ്ജിദുകളും പള്ളികളും നിറഞ്ഞതാണു നമ്മുടെ രാജ്യം. ആരാധനാലയങ്ങളില്‍ പോകുമ്പോള്‍ നാം കുമ്പിടുന്നതു സത്യത്തിനു മുന്നിലാണ്. സത്യത്തിനു മുന്നില്‍ മാത്രമേ ഇന്ത്യ കുമ്പിട്ടിട്ടുള്ളൂ. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ ഇന്ത്യക്കാര്‍ ഉറ്റുനോക്കുന്നതും സത്യങ്ങളിലേക്കാണ്. നിര്‍ഭാഗ്യവശാല്‍, അവയിലൊന്നില്‍പ്പോലും ഒരിക്കലും സത്യത്തിന്റെ അംശമുണ്ടാകാറില്ല. കര്‍ണാടകയില്‍ പോയി പ്രധാനമന്ത്രി അഴിമതിക്കെതിരെ സംസാരിക്കുന്നു. തൊട്ടടുത്ത് ഇരിക്കുന്നതോ, അഴിമതിയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള യെഡിയൂരപ്പയും- രാഹുല്‍ പരിഹസിച്ചു.

രാഹുലിനൊപ്പം സോണിയയും മോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് അഴിമതി രാജ്യമെങ്ങും രൂക്ഷമായിരിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അഴിമതി നടത്തുകയുമില്ല, മറ്റുള്ളവരെക്കൊണ്ടു നടത്തിക്കുകയുമില്ല എന്ന മോദിയുടെ മുദ്രാവാക്യത്തിന് എന്തു സംഭവിച്ചെന്നും അവര്‍ ചോദിച്ചു.

‘ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ മുന്‍പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയെയാണ് നേരിടുന്നത്. രാജ്യത്തെ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമില്ല. ഭരണകൂടം തന്നെ എല്ലാ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തുന്നു. മുന്‍പില്ലാത്ത വിധത്തില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നിരിക്കുന്നു. രാജ്യത്തെ പെണ്‍കുട്ടികളുടെ ജീവിതത്തിന് സുരക്ഷിതത്വമില്ല. കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം ജീവിതം പോലും ത്യജിച്ചു കെട്ടിപ്പടുത്ത രാജ്യത്തെ അഞ്ചു വര്‍ഷം കൊണ്ടു നശിപ്പിക്കുകയാണു മോദി സര്‍ക്കാര്‍. അതിനെതിരെ പ്രതികരിക്കണം, ജനങ്ങള്‍ക്കായി ഈ പോരാട്ടം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു’-സോണിയ പറഞ്ഞു.

Top