കള്ളന്‍മാര്‍ക്കു വാതില്‍ തുറന്നുകൊടുത്ത ദ്വാരപാലകനായിരുന്നു നരേന്ദ്ര മോദിയെന്ന് രാഹുല്‍ ഗാന്ധി

കുര്‍ണൂല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കള്ളന്‍മാര്‍ക്കു വാതില്‍ തുറന്നുകൊടുത്ത ദ്വാരപാലകനായിരുന്നു നരേന്ദ്ര മോദിയെന്ന് ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ പൊതുയോഗത്തില്‍ രാഹുല്‍ തുറന്നടിച്ചു.

മോദി യഥാര്‍ഥ ദ്വാരപാലകനായിരുന്നെങ്കില്‍ വായ്പാതട്ടിപ്പു നടത്തിയ വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പുറത്താക്കുമായിരുന്നു. ജെയ്റ്റ്‌ലിയെ പുറത്താക്കാതിരുന്നത് അദ്ദേഹം തന്നെ ഒരു അഴിമതിക്കാരനായതിനാലാണെന്നും രാഹുല്‍ പറഞ്ഞു.

മല്യയുമായി കൂടിക്കാഴ്ച നടത്തിയെന്നും രാജ്യംവിടുന്നകാര്യം പങ്കുവച്ചിരുന്നതായും ജെയ്റ്റ്‌ലി സമ്മതിച്ചിരുന്നു. മല്യയെ രാജ്യംവിടാന്‍ സഹായിച്ചതിനു എന്തെങ്കിലും പാരിതോഷികം ലഭിച്ചുകാണാനാണ് സാധ്യത. അവര്‍ തമ്മില്‍ ഒരു കൊടുക്കല്‍വാങ്ങല്‍ നടന്നിട്ടുണ്ടെന്നും രാഹുല്‍ ആരോപിച്ചു.

റാഫാല്‍ യുദ്ധവിമാന കരാര്‍ മോദി അധികാരമേറ്റതിനു ശേഷം തിരുത്തിയെഴുതി. ഒരു വിമാനത്തിനു 526 കോടിയെന്നത് 1,600 കോടിയായി മോദി വര്‍ധിപ്പിച്ചുനല്‍കി. ജിഎസ്ടിയും നോട്ട് നിരോധനവും പാവപ്പെട്ടവന്റെ പോക്കറ്റില്‍നിന്നും പണമെടുത്ത് വമ്പന്‍ ബിസിനസുകാര്‍ക്ക് നല്‍കുന്ന പദ്ധതികളായിരുന്നെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

Top