ഇന്ധനവിലവര്‍ധന; മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലവര്‍ധനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ്സ് നടത്തുന്ന ഭാരത് ബന്ദിനോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

ഇന്ധനവിലവര്‍ധനയെ കുറിച്ചോ കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ചോ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ കുറിച്ചോ മോദിക്ക് വാക്കുകളില്ല. എന്തുകൊണ്ടാണ് മോദി മൗനം പാലിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

രൂപയ്ക്ക് മുമ്പെങ്ങുമില്ലാത്ത വിധം മൂല്യം ഇടിഞ്ഞു. റാഫേല്‍ ഇടപാടിനെക്കുറിച്ചും മോദി മിണ്ടുന്നില്ല. ജനങ്ങളുടെ നാല്‍പത്തി അയ്യായിരം കോടി കൊള്ളയടിച്ച് മോദി സുഹൃത്തിന് നല്‍കി. മോദിയുടെ പ്രസംഗങ്ങള്‍ കൊണ്ട് രാജ്യം പൊറുതിമുട്ടിയിരിക്കുകയാണ്. ജനങ്ങളെ സഹായിക്കാന്‍ പ്രതിപക്ഷമുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കും. മാധ്യമങ്ങള്‍ ഭയപ്പെടാതെ വസ്തുതകള്‍ എഴുതണം. സത്യം പുറത്തു കൊണ്ടുവരണമെന്നും രാഹുല്‍ പറഞ്ഞു.

Top