കര്‍ഷകരെ മര്‍ദ്ദിച്ച സംഭവം: മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Rahul Gandhi

ന്യുഡല്‍ഹി: ഒരേസമയം, കര്‍ഷകരെ വഞ്ചിക്കുകയും, ധനികരെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് രാഹുല്‍ഗാന്ധി സമാധാനപരമായി മാര്‍ച്ചു നടത്തിയിരുന്ന കര്‍ഷകരെ അവരുടെ ആവശ്യങ്ങള്‍ പോലും പറയാന്‍ അനുവദിക്കാതെ ഡല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞത് ജനാധിപത്യത്തിനു വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.മോദി കര്‍ഷര്‍ക്ക് നല്‍കിയ കപടവാഗ്ദാനങ്ങളുടെ പ്രതിഫലനമാണ് ഡല്‍ഹിയിലെ കര്‍ഷകരോക്ഷമെന്നും അദ്ദേഹം പറഞ്ഞു .

മഹാത്മാഗാന്ധിയുടെ 150 ജന്മദിനം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ അഹിംസക്കെതിരായി കര്‍ഷകരെ തല്ലിച്ചതച്ചത് ഏറെ വിഷമിപ്പിക്കുന്നു. കര്‍ഷകര്‍ക്ക് രാജ്യ തലസ്ഥാനം സന്ദര്‍ശിക്കാന്‍ അനുവാദമില്ല. അവരുടെ അവസ്ഥകളെ കുറിച്ച് ശബ്ദമുയര്‍ത്താനും സംസാരിക്കാനും സമ്മതിക്കുന്നില്ലയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഉത്തര്‍ പ്രദേശില്‍ നിന്ന് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലുള്ള പ്രതിഷേധമാര്‍ച്ച് ഡല്‍ഹിയിലേയ്ക്ക് കടക്കുന്നതിന് മുന്‍പ് പൊലീസ് തടയുകയായിയിരുന്നു. കര്‍ഷകനേതാക്കള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങുമായി ചര്‍ച്ച ചെയ്‌തെങ്കിലും മുഖ്യആവശ്യങ്ങളില്‍ തീരുമാനമായില്ല. ഇതോടെ, എഴുപതിനായിരം കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം തുടരുകയാണ്. കര്‍ഷിക കടം എഴുതിതള്ളണം, കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 70000ത്തിലധികം കര്‍ഷകരാണ് മാര്‍ച്ചില്‍ അണിനിരന്നത്. കര്‍ഷകരെ തടയുന്നതിനായി സ്ഥാപിച്ച ബാരിക്കേഡുകല്‍ ട്രാക്ടര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പോലീസ് മാര്‍ച്ചിനുനേരെ ലാത്തി വീശുകയായിരുന്നു.

Top