ഭാരത് ജോഡോ യാത്രയിലെ വേദന ആര്യാടന്റെ വിയോഗം: രാഹുല്‍ഗാന്ധി

നിലമ്പൂര്‍: മതേതരവാദിയായ അതുല്യനായ നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ വിയോഗമാണ് ഭാരത് ജോഡോ യാത്രയിലെ വേദനയായി അവശേഷിക്കുന്നതെന്ന് രാഹുല്‍ഗാന്ധി. എല്ലാവരോടും ദയാവായ്പോടെ പെരുമാറിയിരുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന നേതാവിനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും നാട്ടുകാരോടും അനുശോചനം അറിയിക്കുകയാണെന്നും ഭാരത് ജോഡോ യാത്രയിലെ സമാപനമായ നിലമ്പൂരിലെ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ആര്യാടന്റെ മകനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്തും വേദിയിലുണ്ടായിരുന്നു. നിലമ്പൂര്‍ അതിര്‍ത്തിയായ വടപുറം മുതല്‍ സ്വീകരണ കേന്ദ്രമായ നിലമ്പൂര്‍ ജവഹര്‍ലാല്‍ നെഹ്റു ബസ് സ്റ്റാന്റ് വരെ ഷൗക്കത്തും യാത്രയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം അണിചേര്‍ന്നു. തന്റെ പിതാവ് രോഗക്കിടക്കയിലായപ്പോള്‍ വീല്‍ചെയറിലെങ്കിലും ഭാരത് ജോഡോ യാത്രയില്‍ നിലമ്പൂരില്‍ പങ്കെടുക്കണമെന്ന ആഗ്രഹം പങ്കുവെച്ചിരുന്നെന്നും ആ ആഗ്രഹപൂര്‍ത്തീകരണത്തിനാണ് വിയോഗവേദനയിലും യാത്രയില്‍ അണിചേരാനെത്തിയതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ചന്തക്കുന്ന് ബസ് സ്റ്റാന്റില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാനതല സമാപന സമ്മേളനം മാറ്റിയത്. എന്നാല്‍ കുടുംബം ആര്യാടന്റെ ആഗ്രഹം അറിയിച്ചതോടെയാണ് ബസ് സ്റ്റാന്റില്‍ ചെറിയ സമ്മേളനം അനുസ്മരണ യോഗമാക്കി മാറ്റുകയായിരുന്നു. വിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്തി അധികാരത്തിലേറിയവര്‍ രാജ്യത്തെ തകര്‍ക്കുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും ഗുണം ലഭിച്ചത് അടുപ്പക്കാരായ കോര്‍പ്പറേറ്റുകള്‍ക്കാണ്. അവര്‍ അതിസമ്പന്നരാക്കുമ്പോള്‍ മാഹാഭൂരിപക്ഷത്തെയും പട്ടിണിയിലേക്ക് തള്ളി വിടുന്നു. തൊഴിലില്ലായ്മയും പട്ടിണിയും കുറച്ച് രാജ്യത്തിന് വളര്‍ച്ചയുണ്ടാകണമെങ്കില്‍ വിദ്വേഷം മറന്ന് എല്ലാവരും ഒരുമിക്കണം. കേരളത്തിലെ യാത്രയില്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല ഇടതുപക്ഷക്കാരടക്കം എല്ലാവിഭാഗം ജനങ്ങളും പങ്കെടുത്തു. വിവിധ മതക്കാരും ജാതിക്കാരും ഭാഷക്കാരും ലിംഗക്കാരും ഒത്തുചേര്‍ന്ന് ഒരു മഹാനദിയായാണ് ഈ യാത്ര പോകുന്നത്. ഈ യാത്രയില്‍ ഒരിടത്തും വിദ്വേഷമോ അഹിഷ്ണുതയോ കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  കേരളത്തിന്റെ എം.പിയായ തനിക്ക് ഈ നാട് നല്‍കുന്ന സ്നേഹവായ്പ് തിരിച്ചു നല്‍കാന്‍ കഴിയാത്ത കടമാണെന്നും രാഹുല്‍ പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ആധ്യക്ഷനായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എം.പി അനില്‍കുമാര്‍ എം.എല്‍.എ, ടി. സിദ്ദിഖ് എം.എല്‍.എ, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി, വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, അഡ്വ. എം. ലിജു എന്നിവര്‍ പ്രസംഗിച്ചു

 

Top