ആരെയോ ഭയന്നാണ് താഴമണ്‍ തന്ത്രികുടുംബം തനിയ്‌ക്കെതിരെ നില്‍ക്കുന്നത്: രാഹുല്‍ ഈശ്വര്‍

കൊച്ചി: തന്ത്രികുടുംബാംഗമല്ലാത്ത രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ഒരവകാശവുമില്ലെന്ന താഴമണ്‍ തന്ത്രികുടുംബത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്‍. തനിയ്‌ക്കെതിരായ ആരോപണങ്ങള്‍ ബാലിശമാണ്. ആരെയോ ഭയന്നാണ് താഴമണ്‍ തന്ത്രികുടുംബം തനിയ്‌ക്കെതിരെ പ്രസ്താവന നടത്തുന്നതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.

‘എതിര്‍സ്ഥാനത്ത് മുഖ്യമന്ത്രി നില്‍ക്കുന്നതുകൊണ്ടാണോ തന്ത്രികുടുംബം ഭയക്കുന്നത്? അയ്യപ്പവിശ്വാസിയായാണ് താന്‍ സമരവുമായി മുന്നോട്ടുപോകും. അഞ്ചാംതീയതി നട തുറക്കുമ്പോള്‍ ഞാന്‍ ശബരിമലയിലുണ്ടാകും. സ്ത്രീകളെ പ്രവേശിപ്പിച്ചുള്ള ആചാരലംഘനം അനുവദിക്കില്ല.’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ശബരിമലയില്‍ രക്തമിറ്റിയ്ക്കാന്‍ ‘പ്ലാന്‍ ബി’ ആസൂത്രണം ചെയ്തിരുന്നെന്ന പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായിരുന്നു രാഹുല്‍ ഈശ്വര്‍. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാഹുലിന് ഞായറാഴ്ച വൈകിട്ടോടെ ജാമ്യമനുവദിച്ചു. കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന വകുപ്പ് ചുമത്തിയാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, രാഹുല്‍ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രികുടുംബം വാര്‍ത്താക്കുറിപ്പിറക്കി.

Top