കുഞ്ചാക്കോ ബോബനെ പേടിപ്പിച്ചതല്ല പറ്റിച്ചതാണെന്ന് രാഹുൽ ഈശ്വർ

മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന സിനിമക്കെതിരെയും അതിലെ താരങ്ങള്‍ക്കെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ച രാഹുല്‍ ഈശ്വര്‍ സംഭവം ഏപ്രില്‍ ഫൂള്‍ പ്രാങ്ക് ആയിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്ത്. സിനിമയില്‍ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന രംഗം ഉപയോഗിച്ചു എന്നാരോപിച്ചായിരുന്നു രാഹുല്‍ മുമ്പ് നിയമനടപടിക്കൊരുങ്ങുകയാണെന്ന് അറിയിച്ചത്.

യഥാര്‍ഥത്തില്‍ സംഭവം ഒരു ഏപ്രില്‍ ഫൂള്‍ പ്രാങ്ക് എന്ന നിലയില്‍ ചെയ്തതാണെന്നും സംവിധായകന്‍ ജിസ് ജോയ് അടക്കമുള്ളവര്‍ കുറച്ചു നേരമെങ്കിലും മനോവിഷമം നേരിട്ടതില്‍ കുറ്റബോധം ഉണ്ടെന്നും രാഹുല്‍ പ്രതികരിച്ചു. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റില്‍ കാര്യങ്ങള്‍ എടുക്കണമെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവിലൂടെ അഭ്യര്‍ഥിച്ചു.

വാര്‍ത്താ അവതാരകന്‍ അഭിലാഷ് മോഹനനുമായി മുമ്പ് ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളാണ് സിനിമയില്‍ കോമഡിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഈശ്വര്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചത്.

‘അഭിലാഷേ മുപ്പത് സെക്കന്റ് തരൂ, കഷ്ടമാണിത്’ എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്ന രംഗമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ‘മുപ്പത് സെക്കന്റ് കൊടുക്ക് അഭിലാഷേ’ എന്ന് സിനിമയില്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും അലന്‍സിയറും മറുപടിയായും പറയുന്നുണ്ട്. സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നാരോപിച്ചാണ് രാഹുല്‍ നിയമനടപടി എടുക്കുമെന്ന് അറിയിച്ചത്. പിന്നാലെയാണ് സംഭവം ഏപ്രില്‍ ഫൂളാണെന്നും വീട്ടുകാരുമൊത്താണ് താന്‍ സിനിമ കണ്ടതെന്നും അറിയിച്ചുകൊണ്ട് രാഹുല്‍ ഈശ്വര്‍ ലൈവില്‍ വരുന്നത്.

രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മോഹന്‍കുമാര്‍ ഫാന്‍സിന്റെ എല്ലാ ടീമിനും ആശംസകള്‍ നേരുന്നു. സംവിധായകന്‍ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്‍, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്‍ക്കും നന്മ നേരുന്നു. ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. April Fool സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനും എന്റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു.

 

Top