സർക്കാർ ചതിച്ചെന്ന് രാഹുൽ ഈശ്വർ . . അഴിക്കുള്ളിലായവർക്ക് ജാമ്യം ദുഷ്ക്കരം !

പത്തനംതിട്ട: ശബരിമലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം ദുഷ്‌ക്കരമാകും.

കെ.എസ്.ആര്‍.ടി.സി-പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതും മറ്റു നാശനഷ്ടങ്ങളും കൂട്ടി ചേര്‍ത്ത് ഇനി ഇവര്‍ പുറത്തിറങ്ങിയാല്‍ വീണ്ടും സംഘര്‍ഷമുണ്ടാകുമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പൊലീസിന്റെ നീക്കം.

കഴിഞ്ഞ ദിവസം അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ റാന്നി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രജീഷ് വിശ്വനാഥും റിമാന്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ നെഞ്ചത്ത് ചവിട്ടിയേ യുവതികള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍ കഴിയൂ എന്ന് പ്രഖ്യാപിച്ച രാഹുല്‍ ഈശ്വറിന്റെ ആഹ്വാനങ്ങളും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

sabarimala

സന്നിധാനത്ത് അയ്യപ്പ ഭക്തന്‍മാര്‍ക്കിടയില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ നുഴഞ്ഞു കയറിയതായ ശബ്ദ സംഭാഷണം പുറത്തായതിനാല്‍ അതീവ ജാഗ്രതയോടെയാണ് പൊലീസിന്റെ നീക്കം.

സെന്‍സിറ്റീവ് വിഷയമായതിനാല്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. സംഘര്‍ഷം കലാപമായി പടരാതിരിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കുമെന്ന നിലപാടിലാണ് പൊലീസ്.

പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

എസ്.പിയുടെ വാഹനത്തിനു നേരെ ഉണ്ടായ കല്ലേറും വാഹനം കൊക്കയിലേക്ക് പതിച്ചതും എല്ലാം അതീവ ഗൗരവമായി കാണുന്ന പൊലീസ് പ്രതിഷേധത്തിന്റെ മറവില്‍ ആക്രമണം നടത്തുന്നവരെ കര്‍ശനമായി തന്നെ നേരിടുമെന്ന ഉറച്ച നിലപാടിലാണ്.

sabarimala protest

ഒരു സ്ത്രീയെയും ശബരിമല ദര്‍ശനത്തിനായി പൊലീസ് താല്‍പ്പര്യമെടുത്ത് കൊണ്ടു വരുന്നില്ലെന്നും എന്നാല്‍ ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കേണ്ടത് നിയമപരമായ ചുമതലയാണെന്നും പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ഇന്നലെ മുതല്‍ വലിയ സംഘര്‍ഷമാണ് നിലയ്ക്കല്‍, പമ്പ പ്രദേശങ്ങളില്‍ നടക്കുന്നത്. ശബരിമലയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച ലിബി എന്ന യുവതിയെയും ആന്ധ്രയില്‍ നിന്നുള്ള സ്ത്രീ അടങ്ങിയ കുടുംബത്തെയും പ്രതിഷേധക്കാര്‍ മടക്കി അയച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ഇന്നലെ ആക്രമണങ്ങള്‍ ഉണ്ടായി. ന്യൂസ് 18, ന്യൂസ് മിനിറ്റ്‌സ് എന്നിവരുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും റിപ്പോര്‍ട്ടര്‍മാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കൂടുതല്‍ കമാന്‍ഡോകളെ ഇറക്കി ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് രംഗം ശാന്തമാക്കിയത്.

എന്നാല്‍, ഇന്ന് നടന്ന ഹര്‍ത്താലിലും നിരവധി അക്രമസംഭവങ്ങളാണ് സംസ്ഥാനത്തുടനീളം അരങ്ങേറിയത്. നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാവിലെ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെ പ്രതിഷേധക്കാര്‍ ശബരിമലയിലേയ്ക്ക് പോകാന്‍ അനുവദിക്കാതെ മടക്കി അയച്ചു.

പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമ സംഭവങ്ങളുടെ 16 കേസുകളിലായി മുന്നൂറോളം പേര്‍ക്കെതിരേ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, കസ്റ്റഡിയില്‍ നിന്ന് ഗാന്ധി മാര്‍ഗത്തില്‍ സമരാഹ്വാനം നടത്തി രാഹുല്‍ ഈശ്വര്‍ വീഡിയോ പോസ്റ്റ് ചെയ്തു. കൊട്ടാരക്കര ജയിലിലേക്ക് താന്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റുകയാണെന്നും ജാമ്യമില്ലാ വകുപ്പ് ആണ് ചുമത്തിയിരിക്കുന്നതെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നു. മൂന്നു നാല് ദിവസം ജയിലിനുള്ളിലേക്ക് തള്ളാനാണ് ഇവരുടെ പ്ലാന്‍. ചെയ്യാത്ത കുറ്റത്തിനാണ് ഇതൊക്കെയെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. മഹാത്മാഗാന്ധിയുടെ പാതയിലേ പോകാവൂ. നമ്മുടെ മഹത്തരമായ ധര്‍മ്മയുദ്ധത്തിന് ഒരു കാരണവശാലും ചീത്തപ്പേര് കേള്‍പ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസഭ്യം പറയുകയോ ആക്രമിക്കുകയോ അല്ല, മറിച്ച് വിശ്വാസത്തിന്റെ പാതയില്‍ ഗാന്ധിയുടെ പാതയില്‍ മണികണ്ഠന് വേണ്ടി പ്രാര്‍ഥനായജ്ഞം നടത്തുകയാണ് വേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Top