രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി ; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

പത്തനംതിട്ട : ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ കേസില്‍ അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി. റാന്നി കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നടപടി. രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.

എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്. സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതിനായി ഇരുപതോളം പേര്‍ തയ്യാറായി നിന്നിരുന്നു എന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രമോദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

Top