തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ഫെമിനിസ്റ്റ് ഗൂഢാലോചനയാണ്;രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഫെമിനിസ്റ്റ് ഗൂഢാലോചനയാണെന്ന് ആക്ടിവിസ്റ്റും ശബരിമല തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വര്‍. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പൂര്‍ണമായും തള്ളിക്കളയുന്നതായും രാഹുല്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

മീ ടു ക്യാമ്പെയിന്റെ ഭാഗമായി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതായി അറിയുന്നു. മീ ടു എന്നത് സ്ത്രീകളുടെ വേദന തുറന്നുപറയാനുള്ള അവസരമാണ്. അതില്‍ ചില അഭിപ്രായ വ്യത്യാസങ്ങളോടെ പിന്തുണ നല്‍കുന്നു. സിനിമാ നടന്‍ ജിതേന്ദ്ര 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് മിസ് ബിഹേവ് ചെയ്തു എന്ന് ഒരു സ്ത്രീ മീ ടു ആരോപണം ഉന്നയിച്ചു. എന്നാല്‍ ഇത്തരം ആരോപണങ്ങളെ എങ്ങനെയാണ് പ്രതിരോധിക്കുക. എനിക്കെതിരെയുള്ള ആരോപണം 15 വര്‍ഷം മുമ്പ് മോശമായി പെരുമാറിയെന്നാണ്.

മീടു രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുമ്പോള്‍ അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നു. ആശയപരമായി എതിര്‍വശത്തു നില്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ മീ ടു ഉപയോഗിക്കുന്നത് അതിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുമെന്നും, മഹിഷികളായ തീവ്ര ഫെമിനിസ്റ്റുകളാണ് എല്ലാത്തിനും പിന്നിലെന്നും, തന്ത്രികുടുംബവുമായി ബന്ധമില്ലെന്ന ആരോപണത്തിന് നാളെ അമ്മയും ഭാര്യയുമടക്കമുള്ളവര്‍ പത്രക്കുറിപ്പ് പുറത്തിറക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Top