റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ജയിച്ച ഇന്ത്യയുടെ പ്രകടനം കണ്ട് വികാരഭരിതനായി രാഹുല്‍ ദ്രാവിഡ്

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ജയിച്ച് പരമ്പര ജയിച്ചതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിന്റെ ബാസ്‌ബോളിനെ തോല്‍പ്പിച്ച് സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ പരമ്പര നേടാനായി എന്നതാണ് ഇന്ത്യയുടെ വിജയത്തിന്റെ തിളക്കം കൂട്ടുന്നത്. വിരാട് കോലിയും കെ എല്‍ രാഹുലും മുഹമ്മദ് ഷമിയും ഒരു ടെസ്റ്റില്‍ രവീന്ദ്ര ജഡേജയും റാഞ്ചിയില്‍ ജസ്പ്രീത് ബുമ്രയും ഒന്നും ഇല്ലാതിരുന്നിട്ടും യുവതാരങ്ങളുടെ മികവിലായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം.

മത്സരശേഷം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ ശുഭ്മാന്‍ ഗില്ലിനോട് എന്താണ് ദ്രാവിഡ് നല്‍കിയ പ്രചോദനം എന്ന് ചോദിച്ചപ്പോള്‍ നീയല്ലെങ്കില്‍ പിന്നെ ആരാണ് നേടുക എന്നത് മാത്രമായിരുന്നു ദ്രാവിഡ് പറഞ്ഞത് എന്നായിരുന്നു ഗില്ലിന്റെ മറുപടി. റാഞ്ചി ടെസ്റ്റില്‍ നാലാം ദിനം 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 84 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും പിന്നീട 36 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടിരുന്നു.120-5 എന്ന സ്‌കോറില്‍ പതറിയ ഇന്ത്യയെ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലും 39 റണ്‍സുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെലും ചേര്‍ന്നാണ് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

ധ്രുവ് ജുറെല്‍ വിജയ റണ്‍ കുറിച്ച് രണ്ടാം റണ്‍ ഓടുമ്പോള്‍ അതുകൊണ്ടു തന്നെ ആശാന്‍ രാഹുല്‍ ദ്രാവിഡ് അല്‍പ്പം വികാരനിര്‍ഭരനായി പോയി. ഇത്രയും ആവേശത്തോടെ മുമ്പ് ദ്രാവിഡിനെ കണ്ടിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. സാധാരണഗതിയില്‍ വികാരങ്ങളൊന്നും പുറത്ത് അധികം പ്രകടിപ്പിക്കാത്ത ദ്രാവിഡ് വിജയശാവേശം പ്രകടിപ്പിക്കുന്ന വീഡിയോ ആരാധകര്‍ അതുകൊണ്ടുതന്നെ ഏറ്റടുത്തു കഴിഞ്ഞു.

Top