ഒരു കളി കൊണ്ട് ഞങ്ങൾ ആരെയും വിലയിരുത്താറില്ല: രാഹുൽ ദ്രാവിഡ്

സിംബാബ്‌വെയ്ക്കെതിരായ ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ നിരാശപ്പെടുത്തിയ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പിന്തുണച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഒരു കളി കൊണ്ട് തങ്ങൾ ആരെയും വിലയിരുത്താറില്ല എന്ന് ദ്രാവിഡ് പറഞ്ഞു. ദിനേഷ് കാർത്തികിനു പകരം ടീമിലെത്തിയ പന്ത് മത്സരത്തിൽ അഞ്ച് പന്തുകൾ നേരിട്ട് 3 റൺസ് നേടി പുറത്തായിരുന്നു.

“ഒരു കളി കൊണ്ട് ഞങ്ങൾ ആരെയും വിലയിരുത്താറില്ല. ഒരു കളി പരിഗണിച്ച് ഒരാളെ കളിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാറുമില്ല. ചിലപ്പോൾ ചില ബൗളർമാരെ പരിഗണിച്ചാവും ചിലരെ ടീമിൽ ഉൾപ്പെടുത്തുന്നത്. പന്തിലുള്ള വിശ്വാസം ഇതുവരെ നഷ്ടമായിട്ടില്ല. ഞങ്ങളുടെ 15 താരങ്ങളിലും വിശ്വാസമുണ്ട്. 11 പേർക്കേ കളിക്കാനാവൂ. എപ്പോൾ വേണമെങ്കിലും 15 അംഗ ടീമിലുള്ളവർ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടാം. ചിലർക്ക് ചില മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചേക്കില്ല. ഋഷഭ് പന്ത് നെറ്റ്സിൽ ഏറെ നേരം ബാറ്റ് ചെയ്യുന്നു. നന്നായി കളിക്കുന്നു. ഒരുപാട് ഫീൽഡിംഗ് പരിശീലനം നടത്തുന്നു. അങ്ങനെ ഞായറാഴ്ച പന്തിന് അവസരം നൽകാൻ തീരുമാനിച്ചു. ആ ഷോട്ട് കളിക്കാനുള്ള തീരുമാനം മികച്ചതായിരുന്നു. പക്ഷേ, കണക്കുകൂട്ടൽ തെറ്റിപ്പോയി. ലെഫ്റ്റ് ആം സ്പിന്നറെ കടന്നാക്രമിക്കുക എന്നതായിരുന്നു പന്തിൻ്റെ ചുമതല. അതാണ് അയാൾ ചെയ്തത്. ചിലപ്പോൾ അത് വിജയിക്കും, ചിലപ്പോൾ പരാജയപ്പെടും.”- ദ്രാവിഡ് പറഞ്ഞു.

Top