ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ അല്ലെന്ന് രാഹുല്‍ ദ്രാവിഡ്

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ അല്ലെന്ന് രാഹുല്‍ ദ്രാവിഡ്. സെപ്റ്റംബറില്‍ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മുതല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. എന്നാല്‍ ഈ പരമ്പരയില്‍ രണ്ട് അധിക കീപ്പര്‍മാരെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീകര്‍ ഭരതിനൊപ്പം പുതുമുഖം ധ്രുവ് ജുറേലും ഇന്ത്യന്‍ ടീമിലെത്തി.

പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒന്നാം വിക്കറ്റ് കീപ്പറായ ശ്രീകര്‍ ഭരത് തന്നെയാവും കളത്തിലിറങ്ങുക. എന്നാല്‍ ഇതുവരെ മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിയാത്തതാണ് ഭരതിന് തിരിച്ചടിയാകുന്നത്. ഒരുപക്ഷേ അവസാന മത്സരങ്ങളില്‍ ധ്രുവ് ജുറേലിനും ടീമില്‍ അവസരം ലഭിച്ചേക്കും.

ഇന്ത്യന്‍ ടീമില്‍ രണ്ട് സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍ ഉണ്ടെന്ന് ദ്രാവിഡ് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രാഹുല്‍ ബാറ്ററായും വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ രണ്ട് കീപ്പര്‍മാര്‍ ഉള്ളപ്പോള്‍ രാഹുലിനെ ബാറ്ററായി ഉപയോഗിക്കാനാണ് ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നതെന്നും ദ്രാവിഡ് വ്യക്തമാക്കി.

Top