പരിശീലകനെന്ന നിലയിലും മികവ് തെളിയിച്ച താരമാണ് രാഹുള്‍ ദ്രാവിഡ് ; റമീസ് രാജ

Rahul dravid

ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോഴും ആരാധിക്കുന്ന മികച്ച താരമാണ് രാഹുല്‍ ദ്രാവിഡ്. മത്സരത്തില്‍ മാത്രമല്ല പരിശീലിപ്പിക്കുന്നതിലും ദ്രാവിഡ് മികവ് തെളിയിച്ചുകഴിഞ്ഞു.

യുവതാരങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള തിരക്കിലാണ് ഇപ്പോള്‍ ദ്രാവിഡ്. അണ്ടര്‍ 19 ലോകകപ്പിനായി തയ്യാറെടുക്കുന്ന ടീമിന്റെ കോച്ചാണ് ഇദ്ദേഹം. എതിര്‍ടീമുകളുടെപോലും പ്രശംസ ഏറ്റുവാങ്ങുന്ന മികച്ച പരിശീലകനായി ഇദ്ദേഹം മാറികഴിഞ്ഞു.

പാക്കിസ്ഥാന്‍ യുവതാരങ്ങള്‍ക്കും ദ്രാവിഡിനെ പോലൊരു കോച്ചിനെയാണ് ആവശ്യമെന്ന് മുന്‍ പാക്ക്‌ താരവും കമന്റേറ്ററുമായ റമീസ് രാജ പറയുന്നു. പാക്കിസ്ഥാന്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും ദ്രാവിഡിനെ പോലെ കഴിവു തെളിയിച്ച ടെസ്റ്റ് താരത്തെ പാക്കിസ്ഥാന്‍ അണ്ടര്‍ 19 കോച്ച്‌ ആയി നിയമിക്കണമെന്ന് റമീസ് രാജ വ്യക്തമാക്കി.

യുവതാരങ്ങള്‍ക്ക് എന്നും ദ്രാവിഡ്  മാതൃകയാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് മികച്ച രീതിയില്‍ പ്രചോദനമാകുമെന്നും താരത്തിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ന്നുവരുന്ന താരങ്ങള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

കളിയില്‍ സത്യസന്ധതയും മികച്ച പ്രകടനവും വളര്‍ത്തിയെടുക്കാന്‍ പാക്ക്‌ ക്രിക്കറ്റ് ബോര്‍ഡും തയ്യാറാകണമെന്നും റമീസ് രാജ ചൂണ്ടിക്കാട്ടി.

Top