നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡിനെ പുതിയ ദൗത്യം ഏല്‍പ്പിച്ച് ബി.സി.സി.ഐ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ദ്രാവിഡിനെ നിയമിച്ചിരിക്കുകയാണ് ബി.സി.സി.ഐ.

ദ്രാവിഡ് ആയിരിക്കും അക്കാദമിയുടെ പുതിയ തലവനെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂലായ് ഒന്നു മുതല്‍ തന്നെ ദ്രാവിഡ് സ്ഥാനമേറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റായതിനാല്‍ ചുമതലയേല്‍ക്കുന്നത് വൈകുകയായിരുന്നു.

ഭിന്നതാത്പര്യ വിഷയം കണക്കിലെടുത്ത് ദ്രാവിഡിനോട് ഇന്ത്യ സിമന്റ്‌സ് ജോലി ഉപേക്ഷിക്കാനോ അല്ലെങ്കില്‍ അവധിയെടുക്കാനോ സുപ്രീം കോടതി നിയമിച്ച ബി.സി.സി.ഐ ഭരണസമിതി നിര്‍ദേശിച്ചിരുന്നു.

ദേശീയ വനിതാ, പുരുഷ ടീമുകളുടെ പരിശീലകരുമായി ചേര്‍ന്ന് ദ്രാവിഡിന് പ്രവര്‍ത്തിക്കാം. ഇന്ത്യ എ, അണ്ടര്‍ 23, അണ്ടര്‍ 19 എന്നീ ടീമുകളുടെ പരിശീലനം ഉള്‍പ്പെടെ ഇനി ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും. അതേസമയം ദ്രാവിഡിന്റെ പ്രവര്‍ത്തന കാലാവധി എത്രയെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല.

Top