‘പിന്നിലെ കണ്ണാടിയിൽ നോക്കിയാണ് മോദി ‘ഇന്ത്യൻ കാർ’ ഓടിക്കുന്നത്, അപകടങ്ങൾ ഉണ്ടാകും’; രാഹുൽ

ദില്ലി: ബിജെപിക്കും ആർഎസ്എസിനും ഭാവിയിലേക്ക് നോക്കാൻ കഴിവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പിന്നിലെ കണ്ണാടിയിൽ മാത്രം നോക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഇന്ത്യൻ കാർ’ ഓടിക്കുന്നതെന്നും ഇത് ഒന്നിന് പുറകെ ഒന്നായി അപകടങ്ങൾ വിളിച്ചുവരുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുഎസ് സന്ദർശനത്തിനത്തിന്റെ ഭാഗമായ അവസാനം നടന്ന, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാൻ ഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിലും രാഹുൽ നേരത്തെ സന്ദർശനം നടത്തിയരുന്നു.

‘നാട്ടിൽ നമുക്കൊരു ഒരു പ്രശ്നമുണ്ട്, അത് ഞാൻ നിങ്ങളോട് പറയാം. ബിജെപിക്കും ആർഎസ്എസിനും ഭാവി നോക്കാൻ കഴിയുന്നില്ല. അവർ കഴിവില്ലാത്തവരാണ്. എന്തുകൊണ്ടാണ് ട്രെയിൻ അപകടമുണ്ടായതെന്ന് ബിജെപിയോട് ചോദിച്ചാൽ, 50 വർഷം മുമ്പ് കോൺഗ്രസ് പാർട്ടിയുടെ ഭരണകാലത്ത് അത്തരത്തിൽ ചെയ്തുവെന്ന് അവർ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ ദുരന്തങ്ങളിലൊന്നായ ഒഡീഷ ട്രെയിൻ അപകടത്തെത്തുടർന്ന് സർക്കാരിനെതിരെ രൂക്ഷമായി രാഹുൽ പ്രതികരിച്ചു.

മൂന്ന് ട്രെയിനുകൾ ഇടിച്ചുണ്ടായ അപകടത്തിൽ 275 പേർ മരിക്കുകയും റെയിൽവേ സുരക്ഷാ വീഴ്ച പ്രശ്നം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുകയാണ് പ്രതിപക്ഷം ചെയ്തത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് ചില കോണുകളിൽ നിന്ന് ആവശ്യമുയരുന്നുമുണ്ട്. ഇത്രയും ഗൌരവമുള്ള വിഷയത്തിലാണ് ബിജെപിയുടെ ഭൂതകാല മറുപടി. എന്തുകൊണ്ടാണ് പാഠപുസ്തകങ്ങളിൽ നിന്ന് പിരിയോഡിക് ടേബിൾ നീക്കം ചെയ്തതെന്ന് നിങ്ങൾ ബിജെപിയോട് ചോദിച്ചാൽ, 60 വർഷം മുമ്പ് കോൺഗ്രസ് പാർട്ടി എന്താണ് ചെയ്തതെന്ന് അവർ ചോദിക്കുമെന്നു രാഹുൽ പറഞ്ഞു.

തിരിഞ്ഞ് നോക്കൂ എന്നാണ് അവരുടെ ഉടനടിയുള്ള പ്രതികരണങ്ങൾ, പിന്നിലെ കണ്ണാടിയിൽ മാത്രം നോക്കി ഒരാൾക്ക് ഒരു കാർ ഓടിക്കാൻ കഴിയില്ല, അത് ഒന്നൊന്നിന് പിറകെ മറ്റൊന്നായി അപകടങ്ങൾ ഉണ്ടാക്കുകയേ ഉള്ളൂ. അതാണ് മോദിജിയുടെ രീതി. അദ്ദേഹം ഇന്ത്യൻ കാർ ഓടിക്കാൻ ശ്രമിക്കുമ്പോൾ പിന്നിലെ കണ്ണാടിയിൽ മാത്രം നോക്കുന്നു. എന്തുകൊണ്ടാണ് കാർ ഇടിക്കുന്നതെന്നോ മുന്നോട്ട് നീങ്ങാത്തതെന്നോ അദ്ദേഹത്തിന് മനസിലാകുന്നില്ല. നിങ്ങൾ അവരുടെ മന്ത്രിമാർ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചു നോക്കൂ, നിങ്ങൾ പ്രധാനമന്ത്രിയെ ശ്രദ്ധിച്ചു നോക്കൂ, അവർ ഭാവിയെക്കുറിച്ച് സംസാരിക്കുന്നത് നിങ്ങൾ ഒരിക്കലും കാണില്ല, അവർ ഭൂതകാലത്തെക്കുറിച്ച് മാത്രമേ സംസാരിക്കൂ, ഭൂതകാലത്തിന് മറ്റാരെയെങ്കിലും കുറ്റപ്പെടുത്തിക്കൊണ്ടാണ് അവർ മുന്നോട്ടുപോകുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

Top