Rahul challenges PM to have his ‘dual citizenship’ investigated

ന്യൂഡല്‍ഹി: തനിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ബി.ജെ.പിയുടെ ആരോപണത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാ അന്വേഷണ ഏജന്‍സികളും കയ്യിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡി തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ എന്തു കൊണ്ട് അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ 68ാം ജന്മവാര്‍ഷിക ചടങ്ങ് ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ബി.ജെ.പിയുടെ ആരോപണത്തെ നേരിട്ടു രാഹുല്‍ പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമാണ്. എന്തിനാണ് മോഡി തന്നെ ഇത്ര ഭയപ്പെടുന്നതെന്ന് രാഹുല്‍ ചോദിച്ചു. തനിക്കെതിരെ എന്തെങ്കിലും തെളിഞ്ഞാല്‍ അവര്‍ക്ക് തന്നെ ജയിലിലിടാം. തനിക്കു ഭയമില്ല. പാവപ്പെട്ടവര്‍ക്കു വേണ്ടി പൊരുതുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന് എം.പിമാരുടെ എണ്ണം കുറവാണെന്നാണ് എതിരാളികള്‍ പറയുന്നത്. പക്ഷെ, ഇത്രയും കുറഞ്ഞ എണ്ണം എം.പിമാരെ കൊണ്ടാണ് ഭൂമി ഏറ്റെടുക്കല്‍ ബില്ല് പ്രതിരോധിച്ചത്. താന്‍ പിന്തിരിയുന്ന പ്രശ്‌നമില്ലെന്നും രാജ്യത്തിനു വേണ്ടി പോരാടുമെന്നും രാഹുല്‍ പറഞ്ഞു.

ആളുകളെ ഭിന്നിപ്പിക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. ഇന്ദിര ഗാന്ധി ശ്രമിച്ചത് ഇന്ത്യയിലെ ജനങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്താനാണ്. ആര്‍.എസ്.എസ്. ചെയ്യുന്നതാവട്ടെ ജനങ്ങളെ ഭിന്നിപ്പിക്കാനും. ഇന്ദിരയുടെ കാലടികളെയാണ് തങ്ങള്‍ പിന്തുടരുന്നതെന്നും രാഹുല്‍ പറഞ്ഞു.

Top