കോണ്‍ഗ്രസ്സ് മുന്നേറ്റം തടഞ്ഞ് ബി.ജെ.പി . . രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനും ആളില്ല

rahul2

ബംഗളൂരു: അഭിപ്രായ സര്‍വേകളിലൂടെ കോണ്‍ഗ്രസ്സ് നടത്തിയ മുന്നേറ്റം തടഞ്ഞ് ബി.ജെ.പി . . ? ആര്‍.എസ്.എസ് കരുത്തില്‍ കാവിപ്പട അഴിച്ചുവിട്ട പ്രചരണത്തില്‍ അന്തംവിട്ടിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്സ്. വീടുകളും കവലകളും കേന്ദ്രീകരിച്ച് സ്വയം സേവകര്‍ ചിട്ടയായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ കോണ്‍ഗ്രസ്സ് ആദ്യം ഉണ്ടാക്കിയ മുന്നേറ്റവും ഇപ്പോള്‍ ഏതാണ്ട് ബി.ജെ.പി മറികടന്നു കഴിഞ്ഞു.

വരും ദിവസങ്ങളില്‍ മേധാവിത്വം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ലങ്കില്‍ ‘പണി’ പാളുമെന്ന ഭയം കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനുമുണ്ട്. രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലികളില്‍ ജനപങ്കാളിത്വം വന്‍തോതില്‍ കുറഞ്ഞതും നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ശിവമോഗയിലും ദേവനാഗരെയിലും കോണ്‍ഗ്രസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധി തന്നെ ജനപങ്കാളിത്വം റാലികളില്‍ കുറയുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി.

കടുത്ത ചൂടാണ് റാലിക്ക് ആള് കുറഞ്ഞതിന് കാരണമായി ജില്ലാ നേതാക്കള്‍ വിശദീകരിച്ചതെങ്കിലും ഏതാനും ജില്ലകളില്‍ മാത്രമാണോ ചൂട് കൂടുതലെന്ന് ചോദിച്ച് രാഹുല്‍ നേതാക്കളെ വായടപ്പിച്ചു. തുടര്‍ന്ന് ജില്ലാ നേതാക്കളോട് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് ഏറ്റവും അധികം സ്വാധീനമുള്ള കര്‍ണ്ണാടക ഭരണം തിരിച്ചു പിടിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാക്കും അഭിമാന പ്രശ്‌നം കൂടിയാണ്. യു.പിയിലും ബീഹാറിലും ഉപതിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്കും ദളിത്-കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കുമെല്ലാം ഒരു മറുപടി കര്‍ണാടകയിലെ വിജയത്തോടെ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇരു നേതാക്കളും.

കോണ്‍ഗ്രസ്സിന് വിജയ സാധ്യത പ്രവചിച്ച് പുറത്ത് വന്ന അഭിപ്രായ സര്‍വേ യാഥാര്‍ത്ഥത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പുതിയ ഉണര്‍വ് നല്‍കിയതായാണ് കര്‍ണ്ണാടകയിലെ ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകരും പറയുന്നത്. അതേ സമയം ബി.ജെ.പി വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തിന് പ്രത്യേക പദവി നല്‍കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ നേട്ടമാകുമെന്നാണ് കോണ്‍ഗ്രസ്സ് പ്രതീക്ഷ.

എന്നാല്‍ ഈ പ്രതീക്ഷകള്‍ പ്രധാനമന്ത്രിയുടെ കര്‍ണ്ണാടക പര്യടനത്തോടെ പൂര്‍ണ്ണമായും തകര്‍ന്നടിയുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ലിംഗായത്ത് സമുദായമുള്‍പ്പെടെ ബി.ജെ.പിയെ കൈവിടില്ലെന്നും ഇത് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സ് വോട്ട് ബാങ്കിലാണ് വിള്ളല്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നുമാണ് ബി.ജെ.പി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. കാര്യങ്ങള്‍ എന്തായാലും കോണ്‍ഗ്രസ്സിന്റെ അമിത വിജയ പ്രതീക്ഷകള്‍ക്ക് ഇപ്പോള്‍ മങ്ങലേറ്റു എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും സംശയമില്ല.

Top