രാഹുല്‍ ബജാജിന്റെ പ്രസ്താവന ദേശതാത്പര്യത്തെ മുറിപ്പെടുത്തുന്നു: ധനമന്ത്രി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന ദേശതാത്പര്യത്തിന് എതിരാണെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. രാഹുല്‍ ബജാജിന്റെ പരാമര്‍ശങ്ങള്‍ വന്‍തോതില്‍ ജനശ്രദ്ധ നേടിയതിനു പിന്നാലെയാണു പ്രതിരോധവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘ബജാജ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ എല്ലായ്പ്പോഴും ഉത്തരം തേടുന്നതാണ് മികച്ച മാര്‍ഗ്ഗം, അത് ഏറ്റുപിടിക്കുന്നതിലൂടെ ദേശീയ താത്പര്യത്തെ ദോഷകരമായി ബാധിക്കും’- നിര്‍മല ട്വിറ്റിറില്‍ കുറിച്ചു.

‘ഇക്കണോമിക് ടൈംസ്’ ദിനപത്രം നടത്തിയ അവാര്‍ഡുദാനച്ചടങ്ങിലായിരുന്നു സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള രാഹുല്‍ ബജാജിന്റെ പ്രസ്താവന. അമിത് ഷായെയും ധനമന്ത്രി നിര്‍മലാ സീതാരാമനേയും വേദിയിലിരുത്തിയാണ് വ്യവസായ പ്രമുഖന്‍ രാഹുല്‍ ബജാജ് രാജ്യത്തു ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുകയാണെന്നു തുറന്നടിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വ്യവസായികള്‍ ഭയപ്പെടുന്നു. നേരത്തേ അങ്ങനെയായിരുന്നില്ല: കേന്ദ്ര ആഭ്യന്തര മന്ത്രിയോടു ബജാജ് ഗ്രൂപ്പ് തലവന്‍ ചൂണ്ടിക്കാട്ടി.

ബജാജിന്റെ വിമര്‍ശനം അംഗീകരിച്ചില്ലെങ്കിലും അമിത് ഷാ അതു പാടേ തള്ളിക്കളഞ്ഞില്ല.അങ്ങനെയൊരന്തരീക്ഷം ഉണ്ടെന്നു വരുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതു മാറ്റിയെടുക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഷാ പറഞ്ഞു. രാഹുല്‍ ബജാജിന്റെ വിമര്‍ശനങ്ങള്‍ക്ക് അമിത് ഷാ വേദിയില്‍ വെച്ച് മറുപടി പറഞ്ഞെങ്കിലും രാജ്യത്ത് ഇത് വലിയ പ്രചാരം നേടിയത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതോടെ രാഹുലിന്റെ പ്രസ്താവനക്കെതിരെ ബിജെപി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. പാര്‍ലമെന്റ് സീറ്റിനായി സര്‍ട്ടിഫിക്കറ്റ് നേടാനുള്ള വഴിയാണ് രാഹുല്‍ ബജാജിന്റെ വിമര്‍ശനമെന്ന് ബിജെപി വക്താക്കള്‍ ആരോപിച്ചു.

Top