അന്ധവിശ്വാസം ഉളവാക്കുന്ന വാക്കുകൾ പ്രചരിപ്പിച്ച് പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് കളയരുതെന്ന് മോദിയോട് രാഹുൽ

ദില്ലി: കോൺഗ്രസിനെതിരെ മോദി നടത്തിയ ദുർമന്ത്രവാദ പരിഹാസത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്ത്. അന്ധവിശ്വാസം ഉളവാക്കുന്ന തരത്തിൽ പ്രചരണങ്ങൾ നടത്തി പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് കളയരുതെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൊള്ളരുതായ്മകൾ മറച്ചുവയ്ക്കാനാണ് മോദി ശ്രമിക്കുന്നത്. തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രധാനമന്ത്രി കാണുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങളിൽ മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

കറുത്ത വസ്ത്രം അണിഞ്ഞ് കോൺഗ്രസ് നടത്തിയ വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തെ നിരാശ ബാധിച്ച ചിലർ ദുർമന്ത്രവാദവുമായി ഇറങ്ങിയിരിക്കുകയാണെന്നായിരുന്നു മോദി പരിഹസിച്ചത്. കറുത്ത വസ്ത്രം അണിഞ്ഞാൽ നിരാശ മാറുമെന്ന് ചിലർ കരുതുന്നു. ദുർമന്ത്രവാദം നടത്തിയാലും അന്ധവിശ്വാസം പ്രചരിപ്പിച്ചാലും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാകില്ലെന്ന് എംപിമാരുടെ പ്രതിഷേധത്തെ ഉന്നം വച്ച് മോദി വിമർശിച്ചിരുന്നു. പാനിപത്തിലെ എഥനോൾ പ്ലാന്റ് രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിലായിരുന്നു കോൺഗ്രസിന് നേരെയുള്ള മോദിയുടെ പരിഹാസം.

Top