മുസ്ലിംലീ​ഗിനെ ബിജെപിയുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചോദ്യത്തിന് മറുപടിയുമായി രാഹുൽ

വാഷിങ്ടൺ: ബിജെപിയെ എതിർക്കുകയും മുസ്ലിംലീ​ഗിനെ ഒപ്പം നിർത്തുകയും ചെയ്യുന്നതിൽ വൈരുധ്യമില്ലേയെന്ന ചോദ്യത്തിന് മറുപടിയുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. ന്യൂയോർക്കിലെ വാർത്താസമ്മേളനത്തിലാണ് ഇരു പാർട്ടികളേയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചോദ്യമുയർന്നത്. ബിജെപിയെ എതിർക്കുകയും മുസ്ലിംലീ​ഗിനെ ഒപ്പം നിർത്തുകയും ചെയ്യുന്നതിൽ വൈരുധ്യമില്ലേ എന്ന ചോദ്യത്തിന് മുസ്ലിം ലീ​ഗ് മതേതരപ്പാർട്ടിയാണെന്നായിരുന്നു രാഹുലിന്റെ മറുപടി.

മുസ്ലിംലീ​ഗ് കറകളഞ്ഞ മതേതര പാർട്ടിയാണ്. മതേതരമല്ലാത്തതായി ഒന്നും മുസ്ലിംലീ​ഗിലില്ല. മുസ്ലിം ലീ​ഗിനെക്കുറിച്ച് പഠിക്കാതെയാണ് ചോദ്യകർത്താവിന്റെ ചോദ്യം – രാഹുൽ ​ഗാന്ധി പറഞ്ഞു. അടുത്ത മൂന്ന് സംസ്ഥാനങ്ങളിൽ കർണാടകയിലെ വിജയം ആവർത്തിക്കും. പ്രതിപക്ഷ ഐക്യ ശ്രമങ്ങളിൽ നല്ല കാര്യങ്ങൾ സംഭവിക്കും. അടുത്ത തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കോൺഗ്രസ് നടത്തും. മോദി വീണ്ടും വരുമെന്ന പ്രചാരണത്തിനപ്പുറം വലിയ വിസ്മയം നടക്കുമെന്നും രാഹുൽ പറഞ്ഞു. ഇന്ത്യയും അമേരിക്കയും പ്രതിരോധ മേഖലയിൽ മാത്രമല്ല മറ്റു മേഖലകളിലും സഹകരണം വർധിപ്പിക്കണമെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

രഹുലിന്റെ പ്രസം​ഗത്തിനെതിരെ നേരത്തെ കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ രം​ഗത്തെത്തിയിരുന്നു. രാഹുൽ രാജ്യത്തെ അപമാനിക്കുകയാണെന്ന് മന്ത്രി പറഞ്ഞിരുന്നു. അമേരിക്ക സന്ദർശനം തുടരുന്ന രാഹുൽ ഗാന്ധി ഇന്ത്യയിലെ രാഷ്ട്രീയ – സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് ഇവിടെ നടത്തുന്ന പ്രസംഗങ്ങളിലാണ് ബിജെപിക്ക് അതൃപ്തി. അതിനിടെ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ റഷ്യയോടുള്ള കേന്ദ്ര സർക്കാർ നയത്തെ രാഹുൽ ഗാന്ധി പിന്തുണച്ചിരുന്നു. റഷ്യയോട് ഇന്ത്യക്ക് ഉള്ളത് അടുത്ത ബന്ധമാണെന്നും ചില കാര്യങ്ങളില്‍ ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top