ഗെലോട്ട് കോൺഗ്രസ്സ് അദ്ധ്യക്ഷനായാൽ അതോടെ പ്രിയങ്കയും രാഹുലും ‘ഔട്ടാകും’

ന്ത്യയെ ഒന്നിപ്പിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ആ മുദ്രാവാക്യം മാറ്റി ‘കോണ്‍ഗ്രസ്സിനെ ഒന്നിപ്പിക്കുക’ എന്ന മുദ്രാവാക്യമാക്കി മാറ്റേണ്ട ഗതികേടാണ് നിലവിലുള്ളത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനില്‍ സര്‍ക്കാര്‍ തന്നെ നിലംപൊത്താവുന്ന അസാധാരണ സാഹചര്യമാണുള്ളത്. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബം പരിഗണിക്കുന്ന അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി പദത്തില്‍ തന്റെ പിന്‍ഗാമിയായി സച്ചിന്‍ പൈലറ്റ് വരാന്‍ പാടില്ലന്ന കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എംഎല്‍എമാരുടെ രാജി നീക്കവും ഗെലോട്ടിന്റെ പദ്ധതി പ്രകാരമാണ്. ഇത് അസാധാരണ സ്ഥിതിവിശേഷമാണ് കോണ്‍ഗ്രസ്സില്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഇങ്ങനെ വ്യക്തി താല്‍പ്പര്യവും പകയും മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു അധികാരമോഹിയെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വന്നാല്‍ നാളെ സോണിയയും രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള ഗാന്ധിമാര്‍ എല്ലാം കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല. സോണിയക്ക് പകരം അശോക് ഗെലോട്ട് അല്ലാതെ മറ്റൊരാളെ ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞില്ലങ്കില്‍ ഗാന്ധി കുടുംബം സ്വയം നാശമാണ് വിളിച്ചു വരുത്തുക. പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടി എങ്ങനെ പിടിക്കണമെന്നത് ഗെലോട്ടിനെ ആരും പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ല. രാജസ്ഥാന്‍ ഭരണം പിടിക്കാന്‍ ഏറ്റവും അധികം പ്രയത്‌നിച്ച സച്ചിന്‍ പൈലറ്റിനെ വെട്ടി നിരത്തി മൂലക്കിരുത്തിയ ബുദ്ധിയാണിത്.ഈ ബുദ്ധി തന്നെയാണ് ഇപ്പോഴും പ്രവര്‍ത്തിച്ചിരിക്കുന്നത്. അതു കൊണ്ടാണ്  92 എംഎല്‍എമാര്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നതും. ഇവര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത് തന്നെ ഹൈക്കമാന്റിനെ സമ്മര്‍ദ്ദത്തിലാക്കാനാണ്.

ഗെലോട്ടിന്റെ ഈ അതിബുദ്ധി രാഹുല്‍ പക്ഷ നേതാക്കളില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഹൈക്കമാന്റിനെ സമ്മര്‍ദ്ദത്തിലാക്കിയ ഗെലോട്ടിനെ പാര്‍ട്ടി അധ്യക്ഷനാക്കരുത് എന്നതാണ് ഇവരുടെ ആവശ്യം. ശശി തരൂര്‍ ക്യാംപിന് ആവേശം പകരുന്ന നിലപാട് കൂടിയാണിത്. ഭാരത യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധിയും ഗെലോട്ടിന്റെ നീക്കത്തില്‍ ആകെ നാണം കെട്ടിരിക്കുകയാണ്. ‘പാര്‍ട്ടിയെ ഒന്നിപ്പിച്ചിട്ടു പോരേ ഭാരതത്തെ ഒന്നിപ്പിക്കല്‍’ എന്ന പരിഹാസം ഏറ്റു വാങ്ങിയാണ് അദ്ദേഹം ഇപ്പോള്‍ യാത്ര തുടരുന്നത്. നാണംകെട്ട ഒരു യാത്ര എന്നതാണ് രാഷ്ട്രീയ എതിരാളികളുടെ പരിഹാസം. എത്ര ദൂരം രാഹുല്‍ ഗാന്ധി നടന്നാലും കോണ്‍ഗ്രസ്സ് നന്നാകാന്‍ പോകുന്നില്ലെന്ന ട്രോളുകള്‍ സമൂഹമാധ്യമങ്ങളിലും വ്യാപകമാണ്.

അധികാരമോഹവും നേതാക്കളുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങളും അഴിമതിയുമാണ് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചക്ക് പ്രധാന കാരണം. ഈ രോഗത്തിന് ചികിത്സ കണ്ടെത്താതെ കന്യാകുമാരിയില്‍ നിന്നും ജമ്മു കശ്മീരിലേക്ക് യാത്ര നടത്തിയിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ടാണ് ‘വെറുതെ ഒരു യാത്രയെന്നു’ ഭാരത് ജോഡോ യാത്രയെ വിശേഷിപ്പിക്കേണ്ടി വരുന്നത്.

രാജ്യത്ത് കോണ്‍ഗ്രസ്സ് ഭരണമുളള രണ്ട് സംസ്ഥാനങ്ങളില്‍ രാജസ്ഥാന്‍ കൂടി കൈവിട്ടാല്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതി ദയനീയമാകും. അത്തരം സാഹചര്യം ബി.ജെ.പിക്കാണ് ഏറെ ഗുണം ചെയ്യുക. കോണ്‍ഗ്രസ്സ് ഭരിച്ച സംസ്ഥാനങ്ങള്‍ ഓരോന്നായി പിടിച്ചെടുക്കാനും കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനും ബി.ജെ.പിയെ സഹായിച്ചതും കോണ്‍ഗ്രസ്സ് നേതാക്കളാണ്. ശരവേഗത്തിലാണ് ഖദര്‍ കാവിയണിഞ്ഞിരിക്കുന്നത്. എം.എല്‍.എമാരും നേതാക്കളും ഉള്‍പ്പെടെ കൂട്ടത്തോടെയാണ് കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പിയിലേക്ക് ഒഴുകുന്നത്. രാഹുലിന്റെ യാത്ര കേരള പര്യടനം പൂര്‍ത്തിയാക്കും മുന്‍പാണ് ഗോവയില്‍ കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറിയിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയായാണ് രാജസ്ഥാനിലെയും കലാപക്കൊടി. ബി.ജെ.പിക്ക് എം.എല്‍.എമാരെ റാഞ്ചാനോ ഭരണം തന്നെ അട്ടിമറിക്കാനോ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. സച്ചിന്‍ പൈലറ്റിനെ വീണ്ടും തഴഞ്ഞാല്‍ അദ്ദേഹം ബി.ജെ.പി പാളയത്തില്‍ എത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്.


EXPRESS KERALA VIEW

Top