രാഹുലും കോണ്‍ഗ്രസ് സംഘവും ഹത്രാസിലേക്ക്; അതിര്‍ത്തിയടച്ച് യുപി പൊലീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എംപിമാരുടെ സംഘം ഡല്‍ഹിയില്‍ നിന്ന് തിരിച്ചു. ഇത് രണ്ടാം തവണയാണ് രാഹുലും സംഘവും പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാനുള്ള ശ്രമം നടത്തുന്നത്.

രാഹുലിനോടൊപ്പം 40 കോണ്‍ഗ്രസ് എംപിമാരും പ്രിയങ്ക ഗാന്ധിയുമുണ്ട്. പ്രിയങ്കയാണ് വാഹനം ഓടിക്കുന്നത്. പിന്നാലെ രണ്ട് വാഹനങ്ങളിലായാണ് എം.പിമാര്‍ സഞ്ചരിക്കുന്നത്.

രണ്ടു ദിവസം മുമ്പ് ഹത്രാസ് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ശ്രമത്തെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് യുപി പൊലീസ് തടഞ്ഞിരുന്നു. ഡല്‍ഹി-നോയിഡ ഡയറക്ട് ഫ്ളൈവേയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് കനത്ത പൊലീസ് വലയം തീര്‍ത്തിരിക്കുകയാണ്.

രാഹുല്‍ എത്തുന്നതറിഞ്ഞ് നൂറുകണക്കിന് പൊലീസിനെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഇവിടെയുണ്ട്. അതിര്‍ത്തി തത്കാലം അടച്ചിട്ടിട്ടില്ലെന്നും സുരക്ഷ വര്‍ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നാണ് യുപി പൊലീസിന്റെ വിശദീകരണം.

Top