പരിശീലനപരിപാടിയില്‍ പങ്കെടുപ്പിച്ചില്ല; ബിഎസ്എന്‍എല്ലിനെതിരെ രഹന ഫാത്തിമ

കൊച്ചി : ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ബിഎസ്എന്‍എല്‍ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ആക്ടിവിസ്റ്റ് രഹന ഫാത്തിമ.

പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഇവര്‍ ഇന്ന് പരിശീലനത്തിയെങ്കിലും ഇതുസംബന്ധിച്ച യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാനാവില്ല എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. കൊച്ചി ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്തെ ഓഫിസില്‍ നിന്നാണ് അനുമതി നല്‍കേണ്ടതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

തിരുവനന്തപുരം സര്‍ക്കിള്‍ ഓഫിസില്‍ എത്തിയപ്പോള്‍ എറണാകുളം എസ്എസ്എയില്‍ നിന്ന് സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നില്ലെന്ന അറിയിപ്പ് നല്‍കിയാല്‍ മാത്രമേ അനുമതി പത്രം നല്‍കാനാകൂ എന്ന് അറിയിച്ചു. ട്രെയിനിങ് ഓര്‍ഡര്‍ നല്‍കുന്നത് ഒഴിവാക്കുന്നതിനോ നീട്ടിക്കൊണ്ടു പോകുന്നതിനൊ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.

ഫെയ്സ്ബുക്കിലൂടെ അയ്യപ്പ വിശ്വാസികളുടെ മതവികാരം വ്രണപ്പടുത്തി എന്ന കേസില്‍ രഹനാ ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ബിഎസ്എന്‍എല്‍ സസ്പെന്‍ഡ് ചെയ്തത്. ജാമ്യം നേടി പുറത്തിറങ്ങിയ രഹന സ്ഥാനക്കയറ്റത്തിനായി എഴുതിയ പ്രവേശന പരീക്ഷയുടെ ഫലം പുറത്തു വിടണമെന്നും പരിശീലനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയ സമീപിച്ചിരുന്നു.

ഇപ്പോള്‍ ടെലികോം ടെക്‌നിഷ്യന്‍ തസ്തികയിലുള്ള ഇവര്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കു പ്രമോഷനു വേണ്ടിയാണ് പരീക്ഷ എഴുതിയത്. പരീക്ഷാ ഫലം താല്‍ക്കാലികമായി പ്രഖ്യാപിക്കാമെന്നും വിജയിച്ചെങ്കില്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതിനും ബിഎസ്എന്‍എലിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Top