ടെസ്റ്റില്‍ അഫ്ഗാനിസ്ഥാനുവേണ്ടി സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരനായി റഹ്മത് ഷാ

ധാക്ക: ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനുവേണ്ടി ആദ്യ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തിനര്‍ഹനായി റഹ്മത് ഷാ. ബംഗ്ലദേശിനെതിരെ ചട്ടോഗ്രാമില്‍ നടക്കുന്ന ടെസ്റ്റിലാണ് റഹ്മത് ഷാ സെഞ്ചുറി നേടിയത്. 186 പന്തുകളില്‍ നിന്നായിരുന്നു താരത്തിന്റെ ആദ്യത്തെ ടെസ്റ്റ് സെഞ്ചുറി.

സെഞ്ചുറി തികയ്ക്കുന്നതിനായി റഹ്മത് ഷാ നേടിയത് പത്തു ഫോറുകളും രണ്ട് സിക്‌സുകളും. ബംഗ്ലദേശിനെതിരെ ടോസ് നേടിയ അഫ്ഗാന്‍, ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലദേശ് ബോളര്‍ നയീം ഹസന്‍ എറിഞ്ഞ 70-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു അഫ്ഗാന്‍ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ സെഞ്ചുറി പിറന്നത്. ഹസന്റെ പന്ത് ഫോര്‍ പായിച്ചാണ് ഷാ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

187 പന്തില്‍ 102 റണ്‍സെടുത്താണ് ഒന്നാം ഇന്നിങ്‌സില്‍ റഹ്മത് ഷാ പുറത്തായത്. റഹ്മത് ഷാ കളിക്കുന്ന മൂന്നാമത്തെ ടെസ്റ്റ് ക്രിക്കറ്റായിരുന്നു ഇത്. നേരത്തേ കളിച്ച രണ്ട് ടെസ്റ്റുകളില്‍ നിന്നായി അര്‍ധസെഞ്ചുറികളും താരം നേടിയിരുന്നു.

Top