പോരാട്ട വീര്യത്തില്‍ റഹീമിന്റെ ചരിത്രവും ചോര തുടിക്കുന്നത്, പ്രതീക്ഷയോടെ അണികള്‍

ഡി.വൈ.എഫ്.ഐക്ക് പുതിയ സാരഥി എത്തിയതോടെ പ്രവര്‍ത്തകരുടെ പ്രതീക്ഷയും ഇപ്പോള്‍ ഏറെ വര്‍ദ്ധിച്ചിരിക്കുകയാണ്. എ.എ റഹീമിനാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റിന്റെ ചുമതല ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. നിലവിലെ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് മന്ത്രിയെന്ന നിലയിലെ തിരക്കുകള്‍ മൂലമാണ് പദവി ഒഴിഞ്ഞിരിക്കുന്നത്. നിലവില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ് റഹിം. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയിലാണ് നിര്‍ണ്ണായകമായ ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.

എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹിം മുന്‍പ് വഹിച്ചിട്ടുണ്ട്. 2011ല്‍ വര്‍ക്കല നിയോജക മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്കും മത്സരിച്ചിരുന്നു.

നിലമേല്‍ എന്‍എസ്എസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ റഹീം നിയമപഠനവും ജേര്‍ണലിസം ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൈരളിയിലും ജോലി ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം അമൃതയാണ് ഭാര്യ.

തീഷ്ണമായ വിദ്യാര്‍ത്ഥി യുവജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും റഹീം വിധേയമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ കാല്‍ വിദ്യാര്‍ത്ഥി സമരകാലത്ത് പൊലീസ് തല്ലിയൊടിച്ചിട്ടുള്ളതാണ്. സി.പി.എമ്മിനെ സംബന്ധിച്ച് ഭാവിയിലെ വലിയ വാഗ്ദാനമാണ് എ.എ റഹീം. ഇദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗം പ്രവര്‍ത്തകര്‍ക്കും ഏറെ ആവേശമാണ്. ചാനല്‍ ചര്‍ച്ചകളില്‍ അവതാരക ‘ജഡ്ജിമാര്‍ക്കും’ നിരീക്ഷകര്‍ക്കും ചുട്ട മറുപടി നല്‍കുന്ന കാര്യത്തിലും റഹീം ഏറെ മുന്‍പന്തിയിലാണുള്ളത്.

അതേസമയം, റിയാസിന്റെ പിന്‍ഗാമിയായി റഹീം എത്തുമ്പോള്‍ ഏറ്റെടുക്കാനുള്ള വെല്ലുവിളികളും ഏറെയാണ്. റിയാസ് അദ്ധ്യക്ഷനായ ശേഷം വലിയ രൂപത്തിലുള്ള പ്രക്ഷോഭങ്ങളാണ് ഡി.വൈ.എഫ്.ഐ ഏറ്റെടുത്തിരുന്നത്. തമിഴ് നാട്ടിലെ ജാതിക്കോമരങ്ങള്‍ക്കെതിരായ സമരം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം എന്നിവ ഇതില്‍ ചിലതാണ്.

ഡല്‍ഹിയിലും മുംബൈയിലും ഉള്‍പ്പെടെ റിയാസ് അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടായി. ക്രൂര മര്‍ദ്ദനവും അദ്ദേഹത്തിന് പലവട്ടം ഏറ്റിട്ടുണ്ട്. ഗുജറാത്തിലെ ബി.ജെ.പി ഭരണകൂടം അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ കുടുംബത്തിനു വേണ്ടി നടത്തിയ ഇടപെടലുകള്‍ ട്രെയിനില്‍ കാവിക്കൂട്ടം തല്ലിക്കൊന്ന ജുനൈദ് എന്ന ബാലന്റെ കുടുംബത്തിന് വേണ്ടി നടത്തിയ പോരാട്ടം എന്നിവ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയിലാണ് റിയാസ് ഏറ്റെടുത്തിരുന്നത്. അതു പോലെ പുതിയ പ്രസിഡന്റ് റഹീമിനും ഏറ്റെടുക്കാന്‍ നിരവധി വിഷയങ്ങളാണ് രാജ്യത്തുള്ളത്. അതിന് അദ്ദേഹത്തിന് സാധ്യമാകും എന്ന പ്രതീക്ഷയാണ് ഇടതുപക്ഷ മനസ്സുകള്‍ക്കും ഉള്ളത്.

EXPRESS KERALA VIEW

Top