മലമുകളില്‍ ഇപ്പോള്‍ നടക്കുന്നത് ചൂണ്ടിക്കാട്ടി റഹീം

പെട്ടിമുടിയിലെ നിലവിലെ വിവരം ചൂണ്ടികാട്ടി കരളലിയിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് എ എ റഹീം അടങ്ങുന്ന സംഘം പെട്ടിമുടി സന്ദര്‍ശിച്ചത്.

എഎ റഹീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

ക്യാമറകള്‍ക്കൊപ്പം
‘മിത്രങ്ങളും’ മലയിറങ്ങി.
മലമുകളില്‍ ഉള്ളത്
ഡിവൈഎഫ്‌ഐ മാത്രം.

മഞ്ഞു പെയ്യുന്ന മൂന്നാറിന്റെ മലനിരകള്‍ കണ്ണീരൊഴുക്കി നില്‍ക്കുന്നു. കുന്നിന്‍ ചെരുവില്‍ മനുഷ്യരെ കൂട്ടമായി അടക്കം ചെയ്ത വലിയ കുഴിമാടങ്ങള്‍ക്ക് അരികില്‍ വന്ന് ആചാരങ്ങള്‍ നടത്തിയും അനുശോചിച്ചും മടങ്ങുന്നവര്‍…

പെട്ടിമുടിയിലെ ദുരന്ത സ്ഥലത്തു ഇപ്പോഴും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
മനുഷ്യരുടെ മണം പിടിച്ചു പോലീസ് നായകള്‍ നടക്കുന്നു. അല്പം മുന്‍പാണ് നായകളില്‍ ഒന്ന് മണം പിടിച്ചു മണം പിടിച്ചു രണ്ട്
മൃതശരീരങ്ങള്‍ക്കരികിലേക്ക് പോലീസിനെ എത്തിച്ചത്. അകെ ഇതു വരെ ലഭിച്ചത് 58 മൃത ദേഹങ്ങള്‍. ഇനി 12 പേരെ കൂടി കണ്ടുകിട്ടാനുണ്ട്.

ഫയര്‍ഫോഴ്‌സും പോലീസും മറ്റ് വോളന്റിയര്‍മാരും പെട്ടിമുടിയില്‍ തന്നെയുണ്ട്. കണ്ടെത്തുന്ന മൃതശരീരങ്ങള്‍ അവിടെ വച്ചു തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഡോക്ടര്‍മാരുടെ സംഘം ക്യാമ്പ് ചെയ്യുന്നു.

ദുരന്ത ദിവസം മുതല്‍ ഇതുവരെ വിശ്രമ രഹിതമായ പ്രവര്‍ത്തനമാണ് അധികൃതരും സന്നദ്ധ പ്രവര്‍ത്തകരും നടത്തുന്നത്. അവരെല്ലാം ഇപ്പോഴും അവിടെ ശ്രമകരമായ ദൗത്യം തുടരുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ മലയിറങ്ങി.
ക്യാമറകള്‍ മടങ്ങിയതിനു പിന്നാലെ ‘മിത്രങ്ങളും’ സ്ഥലം കാലിയാക്കി.

എന്തൊക്കെ ബഹളമായിരുന്നു. ചില നേതാക്കള്‍ തന്നെ എത്തി പോലീസിനോടും ഫയരര്‍ഫോഴ്‌സിനോടും തട്ടിക്കയറി. പക്ഷേ ടിവിയിലും ചിത്രങ്ങളിലും കണ്ട ‘സംഘത്തിലെ’ ഒരാളെ പോലും ക്യാമറകള്‍ മടങ്ങിപ്പോയ പെട്ടിമുടിയില്‍ കാണ്മാനില്ല.

ഇന്ന് ഞങ്ങള്‍ എത്തുമ്പോഴും അവിടെ ആ ദുരന്ത ഭൂമിയില്‍ തിരച്ചില്‍ നടത്തുന്ന അധികൃതര്‍ക്കൊപ്പം ഡിവൈഎഫ്‌ഐ വോളന്റിയര്‍മാര്‍ കര്‍മ്മ നിരതരായി തുടരുന്നു.

ഇന്നും 10 പേരടങ്ങുന്ന 6 സംഘങ്ങളായി തിരിഞ്ഞു 60 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു.
ആദ്യം രക്ഷാ പ്രവര്‍ത്തനത്തിന്,പിന്നെ, മൃതശരീരങ്ങള്‍ മറവു ചെയ്യാന്‍, ഇപ്പോഴും തുടരുന്ന തിരച്ചില്‍ ദൗത്യത്തിന്റെ ഭാഗമായും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പെട്ടിമുടിയില്‍ തന്നെയുണ്ട്.

സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എ രാജ സംഭവ ദിവസം രാജമലയില്‍ ഉണ്ടായിരുന്നു. ആദ്യം സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായത് മുതല്‍ ഇന്ന് വരെയും രാജയുടെയും മൂന്നാര്‍ ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍, പ്രസിഡന്റ് സെന്തില്‍ എന്നിവരുടെയും നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തനം മാതൃകാപരമായി തുടരുന്നു.
ക്യാമറകള്‍ തേടിയല്ല, തങ്ങളുടെ സഹോദരങ്ങളുടെ ശരീരം തേടിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അവിടെ തുടരുന്നത്.

സാഹസിക പ്രവര്‍ത്തനങ്ങളില്‍ ശാസ്ത്രീയമായ പരിശീലനം ലഭിച്ച വോളന്റിയര്‍മാരാണ് സംഘത്തില്‍ കൂടുതലും ഉള്ളത്. റിവര്‍ ക്രോസ്സിങ്ങില്‍ ഉള്‍പ്പെടെ മികവ് പുലര്‍ത്തുന്ന മിടുക്കരായ സഖാക്കള്‍.അവര്‍ നമുക്കാകെ അഭിമാനമാണ്.

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്
പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്,
കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ,
ഇടുക്കി ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍, പ്രസിഡന്റ് പി പി സുമേഷ് എന്നിവര്‍ സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നു.

Top