രഹനാഫാത്തിമയെ ഐജി ശ്രീജിത്തിന് അറിയില്ലേ? അനില്‍ അക്കരയുടെ ചോദ്യം

കൊച്ചി: ശബരിമലയില്‍ പ്രവേശിക്കാനായി രാവിലെ മോഡലും ആക്ടിവിസ്റ്റുമായ കൊച്ചി സ്വദേശി രഹനാ ഫാത്തിമ എത്തിയത് വലിയ സംഘര്‍ഷത്തിന് കാരണമായി. അതിനിടയിലാണ് ഐജി ശ്രീജിത്തിന് രഹനാ ഫാത്തിമയെ അറിയില്ലേ, അങ്ങനെ വരാന്‍ വഴിയില്ലല്ലോ? എന്ന് അനില്‍ അക്കരെ എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്‌.

ഇന്നലെ പത്തനംതിട്ട എസ്പിയോട് രഹന ഫാത്തിമ ശബരിമലയില്‍ പോകാന്‍ അനുമതി ചോദിച്ചിരുന്നു. അവര്‍ക്ക് പോലീസ് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്.

രഹനാ ഫാത്തിമയുടെ പശ്ചാത്തലം ഐജി ശ്രീജിത്തിന് അറിയില്ലേ എന്നാണ് അനില്‍ അക്കര അടക്കമുള്ള ആളുകളുടെ വിമര്‍ശനം. രഹനയ്ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഹെല്‍മറ്റും പോലീസ് യൂണിഫോമും പോലീസ് നല്‍കിയിരുന്നു. എന്നാല്‍, പ്രതിഷേധം അതിശക്തമായതോടെ സ്ഥിതി അതീവ ഗുരുതരമായി മാറുകയും രഹന മടങ്ങിപ്പോവുകയുമാണ് ചെയ്തത്. രഹനയ്ക്ക് പോലീസ് യൂണിഫോം നല്‍കിയിട്ടില്ലെന്ന് ഐജി പ്രതികരിച്ചു.

ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ യുവതികള്‍ക്ക് യൂണിഫോമും ഹെല്‍മറ്റും നല്‍കിയ സംഭവത്തില്‍ ഐജി ശ്രീജിത്തിനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top