ശബരിമല ദര്‍ശനത്തിനെത്തുന്ന രഹന ഫാത്തിമയ്ക്ക് പൊലീസ് സംരക്ഷണം നല്‍കില്ല

കൊച്ചി: ശബരില സന്ദര്‍ശനത്തിനെത്തുന്ന ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്. കോടതിയില്‍ നിന്ന് കൃത്യമായ ഉത്തരവ് ഉണ്ടാകുന്നതുവരെ ശബരിമല സന്ദര്‍ശത്തിന് എത്തുന്ന നിശ്ചിത പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ സാഹചര്യത്തിലാണ് ശബരിമല സന്ദര്‍ശിക്കുന്നതിന് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ജന്മദിനമായ 26ന് മാലയിടാനാണ് ഉദ്ദേശിക്കുന്നത്. നിയമമനുസരിച്ചാണ് താന്‍ ശബരിമലയ്ക്കു പോകുന്നതെന്നും അതിനുള്ള അവകാശമുണ്ടെന്നും രഹന പറഞ്ഞു. കഴിഞ്ഞതവണ പോയതും നേരായ വഴിയിലൂടെ തന്നെയാണെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും രഹന വ്യക്തമാക്കി.

പത്തുമുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകുന്നതിന് ആചാരപരമായ വിലക്ക് ഉണ്ട്. ഈ സാഹചര്യത്തിലാണ്, രഹന ശബരിമലയില്‍ പോകുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുകയും പൊലീസ് കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയും ചെയ്തത്.

30 വയസുള്ള രഹന ഫാത്തിമ കഴിഞ്ഞ ഒക്ടോബറില്‍ പൊലീസ് സംരക്ഷണയോടെ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഭക്തരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോരുകയായിരുന്നു.

Top