രാഗിണി ദ്വിവേദി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ മുതല്‍ രാഗിണിയുടെ യെലഹങ്കയിലെ വീട്ടില്‍ സിസിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാഗിണിയെ കസ്റ്റഡിയിലെടുത്തത്. സിസിബി ആസ്ഥാനത്തെത്തിച്ച രാഗിണിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.

അതേസമയം, രാഗിണിയുടെ സുഹൃത്തും ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരാകാന്‍ രാഗിണി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം അനുവദിച്ചില്ല. ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച തന്നെ ഹാജരാകണമെന്നാണ് നിര്‍ദേശം ലഭിച്ചത്. നടി സഞ്ജന ഗല്‍റാണിയോടും ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.

കേസില്‍ നടി സഞ്ജന ഗല്‍റാണിയേയും ബംഗളൂരു സെന്‍ട്രല്‍ ക്രൈബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്തേക്കും. ഇവരുടെ സഹായിയായ രാഹുലും കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കന്നട സിനിമ മേഖലയില്‍ നടക്കുന്ന പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നത് രാഹുലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Top