Raghuram Rajan not seeking second term as RBI governor: report

ന്യൂഡല്‍ഹി : കാലാവധി പൂര്‍ത്തിയായശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ലെന്നറിയിച്ചു രഘുറാം രാജന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. ഗവര്‍ണറായി തുടരുന്ന കാര്യത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് രഘുറാം രാജന്‍ പ്രധാനമന്ത്രിയോട് നിലപാട് വ്യക്തമാക്കിയത്. അതേസമയം, രണ്ടാമതൊരവസരം നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ താല്‍പര്യമെന്നും ദേശീയമാധ്യമത്തിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൂന്നു വര്‍ഷത്തെ കാലാവധി സെപ്റ്റംബറിലവസാനിക്കാനിരിക്കെയാണ് രാജ്യത്തിന് മികച്ച സാമ്പത്തിക വളര്‍ച്ച സമ്മാനിച്ച ആര്‍ബിഐ ഗവര്‍ണറെ വീണ്ടും തുടരാന്‍ അനുവദിക്കണമെന്ന ചര്‍ച്ചകള്‍ വ്യാപകമായത്. എന്നാല്‍ രണ്ടാമതൊരവസരം ആഗ്രഹിക്കുന്നില്ലെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രഘുറാം രാജന്‍ സന്ദേശം കൈമാറിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കാലാവധി പൂര്‍ത്തിയാക്കിയ ശേഷം രഘുറാം രാജന്‍ യുഎസിലേക്ക് തിരികെപ്പോയേക്കും. യുഎസിലെ സര്‍വകലാശാലയില്‍ ഇന്ത്യയുടെ സാമ്പത്തികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവര്‍ണറാകുന്നതിനു മുന്‍പ് ഷിക്കാഗോ സര്‍വകലാശാലയില്‍ പ്രഫസറായിരുന്നു രഘുറാം രാജന്‍.

കേന്ദ്രസര്‍ക്കാര്‍ രാജന് രണ്ടാമതും അവസരം നല്‍കുമെന്നും അതു അദ്ദേഹം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുന്‍ സാമ്പത്തിക സെക്രട്ടറി അരവിന്ദ് മായാറാം പറഞ്ഞു. നേരത്ത, വാള്‍സ്ട്രീറ്റ് ജേണലിനു നല്‍കിയ അഭിമുഖത്തില്‍ രഘുറാം രാജന് വീണ്ടും അവസരം നല്‍കുന്ന കാര്യം സെപ്റ്റംബറില്‍ പരിഗണിക്കാമെന്നാണ് നരേന്ദ്ര മോദി വ്യക്തമാക്കിയത്.

അതേസമയം, രഘുറാം രാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി നേതാവ് സുബ്രമണ്യസ്വാമി കത്തയച്ചിരുന്നു. രാജന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാണെന്നായിരുന്നു സുബ്രമണ്യസ്വാമിയുടെ വിമര്‍ശനം.

എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ സാമ്പത്തിക വളര്‍ച്ചാഫലത്തോടെ ഇല്ലാതായി. രഘുറാം രാജനെ ഒഴിവാക്കുന്നത് രാജ്യാന്തര വ്യവസായ ലോകത്തിനു മുന്‍പില്‍ തെറ്റിദ്ധാരണകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായേക്കാമെന്നാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നത്.

Top