വിവാദ പ്രസംഗം,രാഘവ ലോറന്‍സിനെതിരെ കമല്‍ ആരാധകര്‍; ഒടുവില്‍ ഖേദ പ്രകടനവും

രജനിയുടെ ദര്‍ബാര്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നടന്‍ രാഘവ ലോറന്‍സ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. രജനികാന്തിന്റെ കടുത്ത ആരാധകനാണ് രാഘവ ലോറന്‍സ്.

കുട്ടിക്കാലത്ത് തന്റെ പ്രധാന ശത്രു കമലായിരുന്നുവെന്നാണ് രാഘവ ലോറന്‍സ് പറഞ്ഞത്. കമല്‍ഹാസന്റെ സിനിമ പോസ്റ്ററുകളില്‍ ചാണകം എറിയാറുണ്ടെന്നും കീറി നശിപ്പിക്കാറുണ്ടെന്നും രാഘവ ലോറന്‍സ് വെളിപ്പെടുത്തി. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. രാഘവ ലോറന്‍സിനെതിരേ കമല്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

ഇതോടെ കമല്‍ഹാസനെ നേരില്‍ പോയി കണ്ടിരിക്കുകയാണ് താരം. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കമലിനൊപ്പം നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചു. തമിഴകത്ത് കമല്‍ഹാസനും രജനീകാന്തും കാത്ത് സൂക്ഷിക്കുന്ന സൗഹൃദം പലപ്പോഴും അദ്ഭുതപ്പെടുത്താറുണ്ട്.

‘എന്റെ കുട്ടിക്കാലത്ത് കാലത്ത് കമലും രജനിയും ശത്രുക്കളാണെന്നാണ് കരുതിയിരുന്നത്. താരാധന തലയ്ക്ക് പിടിച്ച കാലത്ത് ഞാന്‍ ചെയ്തിരുന്നത് തെറ്റാണെന്ന് തിരിച്ചറിയാനുള്ള പക്വത പോലും എനിക്കില്ലായിരുന്നു. ഇന്ന് ഞാന്‍ കൊച്ചുകുട്ടിയല്ല, സിനിമയുടെ ഭാഗമായതിന് ശേഷം കമലും രജനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് എനിക്കറിയാം. തമാശയായി പറഞ്ഞ കാര്യങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.’ ചിത്രം പങ്കുവച്ച് രാഘവ ലോറന്‍സ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

Top