റാഫേല്‍ വിമാന ഇടപാട്; കേന്ദ്ര എജന്‍സിയുടെ അന്വേഷണം കേരളത്തിലേക്കും?

ന്യൂഡല്‍ഹി:വിവാദ കൊടുങ്കാറ്റുയര്‍ത്തുന്ന റാഫേല്‍ വിമാന ഇടപാടിന് പിന്നില്‍ മലയാളിയുമുണ്ടെന്ന്‌ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാന്‍ ഐബി ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കും.

കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റഫേല്‍ വിമാന ഇടപാടില്‍ അന്വേഷണം കേരളത്തിലേക്ക് കടക്കുന്നതായാണ് സൂചന. ഇടപാടിന് പിന്നില്‍ കേരളത്തില്‍ നിന്നു മലയാളി ബന്ധം തെളിയിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം സംസ്ഥാനത്തേക്കും നീട്ടുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടും.

എന്നാല്‍, വ്യക്തമായ വിവരങ്ങള്‍ ലഭിക്കാതെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശരിവെക്കാനോ വിവരങ്ങള്‍ പുറത്തുവിടാനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയില്ല. അതിനാല്‍ കേന്ദ്രതലത്തിലും കേരളതലത്തിലും വിശദമായ അന്വേഷണം നടത്താനാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ തീരുമാനം. ഉന്നത ബന്ധമുള്ള മലയാളി, അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

rafel

റഷ്യ, അമേരിക്ക, മറ്റ് യൂറോപ്യന്‍ രാജ്യണളെ മറികടന്ന് ഫ്രഞ്ച് വിമാന നിര്‍മ്മാണ കമ്പനിയായ ഡസേള്‍ട്ട് ഏവിയേഷന്‍ കമ്പനിയില്‍ നിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങാമെന്ന കരാര്‍ അണ് തീരുമാനിച്ചത്. ഉപയോഗ സജ്ജമായ 18 പോര്‍വിമാനങ്ങള്‍ വാങ്ങാനും ഫ്രഞ്ച് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ 108 വിമാനങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ 36 റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം നരേന്ദ്ര മോദി 2015 ല്‍ പ്രഖ്യാപിച്ചു. 126 വിമാനങ്ങള്‍ വാങ്ങാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ മറികടന്നായിരുന്നു തീരുമാനം.

ഡസാള്‍ട്ടില്‍ നിന്ന് സാങ്കേതിക വിദ്യ വാങ്ങുന്നതിന് പകരം ഉപയോഗ സജ്ജമായ 36 വിമാനങ്ങള്‍ വാങ്ങാനായിരുന്നു തീരുമാനം. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഡസേള്‍ട്ടിന്റെ ഓഫ് സൈറ്റ് പങ്കാളിയാക്കാനുള്ള തീരുമാനമാണ്‌ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആദ്യത്തെ അഴിമതി ആരോപണത്തിന് കാരണമായത്. വിമാന നിര്‍മ്മാണത്തില്‍ പരിചയമില്ലാത്ത റിലയന്‍സിന് 58,000 കോടി രൂപയുടെ സാമ്പത്തിക നേട്ടം സമ്മാനിക്കുകയാണ് മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

iNDIA-FRANCE-RAFALE

ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകരമാണ് റിലയന്‍സിനെ പങ്കാളിയാക്കിയതെന്ന് വ്യക്തമാക്കിയ ഫ്രഞ്ച് സര്‍ക്കാര്‍ പിന്നീട് മലക്കം മറിഞ്ഞു. റിലയന്‍സിനെ പങ്കാളിയാക്കാനുള്ള തീരുമാനം ഡസാള്‍ട്ട് കമ്പനിയുടേതാണെന്ന് തിരുത്തി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഫ്രാന്‍സ് സന്ദര്‍ശനിടെയായിരുന്നു ഈ മലക്കം മറിച്ചില്ലെന്നത് മറ്റൊരു വിവാദത്തിനും വഴിവെച്ചു. അതേസമയം, കരാര്‍ സംബന്ധിച്ച സാമ്പത്തിക വിവരങ്ങള്‍ വ്യക്തമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി നിരസിച്ചെങ്കിലും കരാര്‍ ഉറപ്പിച്ചതിന്റെ വിശദ വിവരങ്ങള്‍ തേടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്‌

Top