കെ റെയിലിനെതിരായ കവിത: റഫീഖ് അഹമ്മദിനെതിരെ വ്യാപക സൈബര്‍ ആക്രമണം

തിരുവനന്തപുരം: കെ റെയിലിനെതിരെ കവിതയെഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ വ്യാപക സൈബര്‍ ആക്രമണം. റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്ന് ആരോപിച്ചാണ് സൈബര്‍ ആക്രമണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ റെയിലിനെ ന്യായീകരിച്ചുള്ള സിപിഎം പരിപാടികള്‍ നടക്കുന്നതിനിടയിലാണ് കെ റെയിലിനേക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കുന്ന കവിത റഫീഖ് അഹമ്മദ് സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്.

കവിക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ എഴുത്തുകാരി സാറ ജോസഫ് അടക്കമുള്ളവര്‍ രംഗത്തെത്തി. ഇതിന് പിന്നാലെ തറയുള്ള മുനയുള്ള ചോദ്യങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ലെന്ന് റഫീഖ് അഹമ്മദ് വീണ്ടും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സൈബര്‍ ആക്രമണം നടത്തുന്നവരോട് ഉള്ളത് കരുണ മാത്രമാണെന്നും റഫീഖ് അഹമ്മദ് വിശദമാക്കുന്നു.

ഇതൊരു ജനാധിപത്യരാജ്യമാണ്.അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണ്. തെറികൊണ്ട് വാമൂടിക്കെട്ടിയാല്‍ സത്യം നുരഞ്ഞു പൊങ്ങാതിരിക്കില്ലെന്നാണ് റഫീഖ് അഹമ്മദിന് പിന്തുണ പ്രഖ്യാപിച്ച് സാറ ജോസഫ് വിശദമാക്കുന്നത്.

നമ്മുടെ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും പൊതുജനങ്ങളും ഓര്‍ക്കണം, അന്ന് സുഗതകുമാരി ,അയ്യപ്പപണിക്കര്‍, എം ടി,എംകെപ്രസാദ്മാഷ് തുടങ്ങി ഒട്ടേറെപ്പേര്‍ രാഷ്ട്രീയപ്പാര്‍ട്ടിതാല്പര്യത്തിനപ്പുറത്ത് ശക്തമായ നിലപാടെടുത്ത് ഉറച്ചുനിന്നതുകൊണ്ടാണ് ഇന്ന് ആ വനസമ്പത്ത് ലോകത്തിന് ഉപകാരപ്രദമായിനിലനില്‍ക്കുന്നത്. വികസനമല്ലാ നിലനില്‍പ്പാണ് പ്രധാനം. വേഗം വേണ്ടവര്‍ പറക്കട്ടെ.സാധാരണക്കാര്‍ക്ക് നടുവൊടിയാതെ യാത്രചെയ്യാനുള്ള റോഡുകള്‍ ആദ്യം നിര്‍മ്മിച്ചു തരിക.ഭൂരിപക്ഷം ജനങ്ങള്‍ക്കുവേണ്ടിയാവണം വികസനം,ഭരണകര്‍ത്താക്കള്‍ക്കും കോര്‍പറേറ്റുകള്‍ക്കുംവേണ്ടിയാവരുതെന്നും സാറ ജോസഫ് വിശദമാക്കുന്നു.

 

 

 

 

Top