റഫാല്‍; 30000 കോടിയുടെ കരാര്‍ പാപ്പരായ അനില്‍ അംബാനിക്ക് നല്‍കിയത് എന്തിനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണായുധം റാഫേല്‍ വിമാനവുമായ ബന്ധപ്പെട്ട കരാറായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.

ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍ നിന്ന് 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് വിവാദമായത്. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ എല്ലാ ആരോപണങ്ങളും തള്ളിയ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് ഇടപാടുമായി മുന്നോട്ടു പോകുന്നതില്‍ പ്രശ്‌നമില്ലെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തരവിട്ടു.

ലോക്സഭ പ്രചാരണത്തില്‍ ഉന്നയിച്ച അതേ വിഷയം തന്നെയാണ് രാഹുല്‍ ഇപ്പോഴും ചൂണ്ടിക്കാണിക്കുന്നത്. റാഫേല്‍ സ്വന്തമാക്കിയതിന് ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് കൊണ്ടാണ് രാഹുല്‍ ചോദ്യങ്ങള്‍ കുറിച്ചത്.

ഓരോ റാഫേല്‍ വിമാനത്തിനും 526 കോടി രൂപ ചെലവാകുന്നതിന് പകരം 1670 കോടി രൂപ ചെലവായത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നു. 126 വിമാനങ്ങള്‍ക്ക് പകരം 36 വിമാനങ്ങള്‍ വാങ്ങിയത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിക്കുന്നു. 30000 കോടി രൂപയുടെ കരാര്‍ എന്തുകൊണ്ടാണ് എച്ച് എ എല്ലിന് പകരം പാപ്പരായ അനില്‍ അംബാനിക്ക് നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ചോദിക്കുന്നു.

Top