റഫാല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നു; രേഖകള്‍ പുറത്ത്

rafel

ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിര്‍ദേശിച്ചതായി രേഖകള്‍ പുറത്ത്. പോര്‍ട്ടല്‍ ഏവിയേഷന്‍ എന്ന വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ദസോള്‍ട്ട് ഏവിയേഷനും റിലയന്‍സും തമ്മില്‍ സഹകരിക്കേണ്ടത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ആവശ്യകതയാണെന്നായിരുന്നു ഇന്ത്യയുടെ നിര്‍ദേശം.

ദസോള്‍ട്ട് ഏവിയേഷന്‍ ഫ്രഞ്ച് തൊഴിലാളി സംഘടനാ കൂട്ടായ്മയായ സി.എഫ്.ഡി.റ്റിയില്‍ അവതരിപ്പിച്ച രേഖയാണ് പോര്‍ട്ടല്‍ ഏവിയേഷന്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ ഫ്രാന്‍സുമായുള്ള റാഫേല്‍ കരാറില്‍ ദസോള്‍ട്ട് ഏവിയേഷന്‍ റിലൈന്‍സമായി സംയുക്ത സഹകരണം ഉണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ റിലൈന്‍സിനെ പങ്കാളിയാക്കാന്‍ ആവശ്യപ്പെടുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. ദസോള്‍ട്ട് ഏവിയേഷന്‍ സി.ഇ.ഒ ആയ ലോയിക് സെഗ്ലാനാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. റഫാല്‍ വിമാന കരാര്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ റിലയന്‍സിന് കൂടി പങ്കാളിത്തം നല്‍കണമെന്ന ഉപാധിയുണ്ടായിരുന്നുവെന്ന വിവരം നേരത്തെ മീഡിയപാര്‍ട്ട് എന്ന ഫ്രഞ്ച് വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു. എന്നാല്‍ രേഖകള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല.

എന്നാല്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് തള്ളി ദസോള്‍ട്ട് ഏവിയേഷന്‍ രംഗത്ത് വന്നു. റിലയന്‍സിനെ പങ്കാളിയാക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് കമ്പനിയുടെ വാദം. രേഖകള്‍ പുറത്ത് വന്നതോടെ കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് ശക്തിയേറും. വിവാദം കത്തി നില്‍ക്കെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Top