റഫാലില്‍ കൂടുതല്‍ വിശദീകരണം; പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം അംഗീകരിച്ചു. . .

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ പുനഃപരിശോധന ഹര്‍ജികള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് അനുമതി നല്‍കി സുപ്രീംകോടതി. മറുപടി സത്യവാങ്മൂലം നല്‍കാനുള്ള അനുവാദമാണ് കോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. യുദ്ധ വിമാനക്കേസില്‍ ചില വിശദീകരണങ്ങള്‍ നല്‍കാനുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

സുപ്രീംകോടതി പരിഗണിച്ചിരിക്കുന്ന പുനഃപരിശോധന ഹര്‍ജികളില്‍ നാളെ വാദം കേള്‍ക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണ് ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണനും യശ് വന്ദ് സിംഗ്, അരുണ്‍ ഷൂരിയും കോടതിയില്‍ നല്‍കിയതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അറ്റോര്‍ണല്‍ ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞത് വലിയ വിവാദം ശൃഷ്ടിച്ചിരുന്നു. പിന്നീട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ തിരുത്തുകയായിരുന്നു.

കോടതിയിലെത്തുന്ന രേഖകള്‍ അടിസ്ഥാനമുള്ളതും സത്യസന്ധപരവുമാണെങ്കില്‍ അവ പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് കോടതി മറുപടി നല്‍കിയിരുന്നു. ഇക്കാര്യത്തിലാകും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. റഫാല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്നീട് പുനഃപരിശോധന ഹര്‍ജികള്‍ എത്തിയത്.

Top