റഫാല്‍ പുനഃപരിശോധനാ ഹര്‍ജി ; സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി

ഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം തള്ളിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ ഡിസംബര്‍ 14ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

രണ്ട് മണിക്കാണ് ഹര്‍ജി സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തിരുന്നത്. ഹര്‍ജിക്കാരില്‍ ഒരാളായ പ്രശാന്ത് ഭൂഷന്‍ വാദം തുടങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജി എന്ത് കൊണ്ട് ഇന്ന് ലിസ്റ്റ് ചെയ്തില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അത് വേറെ വാദം കേള്‍ക്കാന്‍ കോടതി കഴിഞ്ഞ തവണ ഉത്തരവിട്ടിരുന്നു എന്നായിരുന്നു മറുപടി. എന്നാല്‍ റഫാല്‍ പുനഃപരിശോധാ ഹര്‍ജിയും രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ കേസും ഒരുമിച്ച് കേള്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ഹര്‍ജിയും മുപ്പത്തിയാറ് റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച നടപടിക്രമങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി നല്‍കിയ ഹര്‍ജിയും ഡിസംബറില്‍ പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ വിധി പ്രസ്താവത്തിലെ പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും വെള്ളിയാഴ്ച്ച് പരിഗണിക്കും.

Top