റഫാല്‍ വിഷയത്തില്‍ മോദി കുറച്ച് സംസാരിച്ചാല്‍ മതിയെന്ന ഉപദേശവുമായി ശിവസേന

ന്യൂഡല്‍ഹി: മോദിയോട് റഫാല്‍ കേസില്‍ കുറച്ച് മാത്രം സംസാരിച്ചാല്‍ മതിയെന്ന ഉപദേശവുമായി ശിവസേന. കേസുമായ് ബന്ധപ്പെട്ട് അനാവശ്യ വാദപ്രതിവാദങ്ങള്‍ക്ക് നില്‍ക്കാതെ കുറച്ചു മാത്രം സംസാരിച്ച് വിമര്‍ശനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും, റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പത്തിലാക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും ശിവസേന മേധാവി ഉദ്ധവ് താക്കറെ ബിജെപി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

മോദിക്ക് ആവശ്യത്തിന് പബ്ലിസിറ്റി കിട്ടുന്നുണ്ട്. അങ്ങിനെയിരിക്കെ നമോ ടിവി വിവാദം അനാവശ്യമായിരുന്നുവെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും ശിവസേന അഭിപ്രായപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും മോദിയെ നിരന്തരം വിമര്‍ശിച്ച് ഉദ്ധവ് താക്കറെ രംഗത്ത് വരാറുണ്ട്. ബിജെപിയുടെ നിലപാടായ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന നിലവാരം കുറഞ്ഞ അജണ്ട തങ്ങള്‍ക്കില്ലെന്ന് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുമ്പോള്‍ രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ എന്നും താക്കറെ ചോദിച്ചിരുന്നു.

Top