വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ നിന്നും റാഫേൽ നദാൽ പിൻമാറി

ലണ്ടന്‍: റാഫേൽ നദാൽ വിംബിൾഡണിൽ നിന്നും പിൻമാറി. വയറിനേറ്റ പരിക്കിനെ തുടർന്നാണ് പിൻമാറ്റം. സെമി ഫൈനൽ മത്സരം ഇന്ന് നടക്കാനിരിക്കെയാണ് ഈ തീരുമാനം. ഇതോടെ നിക്ക് കിർഗിയോസ് ഫൈനലിലെത്തി. രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോകോവിച്ച് കാമറോൺ നോറിനെ നേരിടും.

ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസിന് ഇത് ആദ്യ ഗ്രാൻസ്ലാം ഫൈനലാണ്. ക്വാർട്ടർ ഫൈനലിൽ ടൈലർ ഫ്രിറ്റ്സിനെതിരെയുള്ള മത്സരത്തിൽ നദാൽ പരിക്ക് അവഗണിച്ച് കോര്‍ട്ടിൽ തുടരുകയായിരുന്നു. ഗാലറിയിലുണ്ടായിരുന്ന അച്ഛന്‍ പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടും നദാൽ തയ്യാറായില്ല. മത്സരത്തിന് ശേഷം നടത്തിയ പരിശോധനയിൽ വയറിലെ പേശികളില്‍ 7 മില്ലിമീറ്റര്‍ ആഴമുള്ള മുറിവുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് സെമിക്ക് തൊട്ടുമുൻപ് മുൻ ചാമ്പ്യന്‍റെ പിൻമാറ്റം.

 

അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടങ്ങള്‍ക്ക് ശേഷം 2 ദിവസത്തെ വിശ്രമം ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് ടോപ് സീഡ് ജോക്കോവിച്ചും ഒന്‍പതാം സീഡ് കാമറോൺ നോറിയും വൈകീട്ട് ആറിനുള്ള ആദ്യ സെമിക്ക് ഇറങ്ങുക. സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലിറങ്ങുന്നത് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാകും ആദ്യ ഗ്രാന്‍സ്ലാം സെമി കളിക്കുന്ന നോറീ.

Top