ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്ന കാര്യത്തില്‍ സംശയം; റാഫേല്‍ നദാല്‍

മെല്‍ബണ്‍: അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാകുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് സ്‌പെയിനിന്റെ ഇതിഹാസ ടെന്നീസ് താരം റാഫേല്‍ നദാല്‍. പുറംവേദനയെ തുടര്‍ന്നാണ് താരം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാകുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചത്.

‘ഞാന്‍ വളരെ മോശം അവസ്ഥയിലൊന്നുമല്ല. പക്ഷേ മികച്ച രീതിയില്‍ എന്റേതായ ശൈലിയില്‍ കളിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ‘-നദാല്‍ പറഞ്ഞു. ഈയിടെ നടന്ന എ.ടി.പി കപ്പ് ടൂര്‍ണമെന്റില്‍ നിന്നും പുറംവേദനയെത്തുടര്‍ന്ന് നദാല്‍ പിന്മാറിയിരുന്നു.

34 കാരനായ നദാല്‍ നിലവില്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി ഇതിഹാസ താരം റോജര്‍ ഫെഡറര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയാല്‍ ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷതാരം എന്ന റെക്കോഡ് നദാലിന് സ്വന്തമാക്കാനാകും. ഫെഡറര്‍ കാല്‍മുട്ടിനേറ്റ പരിക്കുമൂലം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്നില്ല. ഓസ്‌ട്രേലിയയിലെത്തിയ താരം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ലോക മൂന്നാം നമ്പര്‍ താരം ഡൊമിനിക്ക് തീമുമായി ഒരു സൗഹൃദ മത്സരം കളിച്ചിരുന്നു. അതില്‍ 7-5, 6-4 എന്ന സ്‌കോറിന് നദാല്‍ വിജയം സ്വന്തമാക്കിയത്.

Top