ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ റോഡരികിൽ നിന്നും ആണവ ഉപകരണം കണ്ടെത്തി

പെർത്ത്: ഓസ്ട്രേലിയയിൽ ട്രക്കിൽ കൊണ്ടുപോകുന്നതിനിടെ കാണാതെപോയ ആണവ വികിരണ ശേഷിയുള്ള ഉപകരണം കണ്ടെത്തി. ​ഗുളിക വലിപ്പത്തിലുള്ള സീഷ്യം 137 കാപ്‌സൂൾ ആണ് ബുധനാഴ്ച ന്യൂമാൻ എന്ന പ്രദേശത്തിന് തെക്കായി റോഡരികിൽ നിന്നാണ് കിട്ടിയത്. വെള്ളിനിറത്തിൽ സിലിണ്ടർ രൂപത്തിലുള്ള കാപ്‌സൂൾ കഴിഞ്ഞ ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. മനുഷ്യന്റെ നഖത്തിനേക്കാൾ ചെറുതാണ് ഈ സിലിണ്ടർ.

ജനുവരി 12ന് ഓസ്‌ട്രേലിയയിലെ പിൽബാറയിൽ നിന്നും പെർത്തിലേക്ക് ട്രക്കിൽ കൊണ്ടു പോകുന്നതിനിടെയാണ് ഉപകരണം നഷ്ടമായത്.  എന്നാൽ ജനുവരി പകുതിയോടെയാണ് ഉപകരണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപെട്ടത്. അണുപ്രസരണം കണ്ടെത്താൻ ശേഷിയുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ച് 1400 കിലോമീറ്റർ തെരച്ചിൽ നടത്തി. സ്ട്രേലിയൻ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജൻസികൾ തുടങ്ങിയവ തിരച്ചിലിൽ പങ്കെടുത്തിരുന്നു. കാപ്‌സൂൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഇന്ന് പെർത്തിലേക്ക് കൊണ്ടു പോകും.

Top