സല്‍മാന്‍ ഖാന്‍ ചിത്രം രാധേയുടെവീഡിയോ ഗാനം പുറത്തിറങ്ങി

ല്‍മാന്‍ ഖാന്‍ ചിത്രം രാധേ യുവര്‍ മോസ്റ്റ് വാണ്ടട് ഭായ്യിലെ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഡാന്‍സ് നമ്പറായി ഒരുക്കിയിരിക്കുന്ന ഗാന രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത് സല്‍മാന്‍ ഖാനും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമാണ്. ഹിമേഷ് രഷ്മിയ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് കമാല്‍ ഖാനും പായല്‍ ദേവും ചേര്‍ന്നാണ്.

എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ രാധേ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നത്. സല്‍മാന്‍ ഖാന്‍ സിനിമകളിലുള്ള ചേരുവകളായ ആക്ഷന്‍, ഡാന്‍സ്, പ്രണയം തുടങ്ങിയവയെല്ലാം രാധേയിലും ഉണ്ടെന്നാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

ഡാന്‍സ് ബാര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനരംഗത്തില്‍ രണ്‍ദീപ് ഹൂഡയും സൗത്ത് ഇന്ത്യന്‍ നടി മേഘ ആകാശും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു കോടിക്ക് മുകളില്‍ കാഴ്ചക്കാരെ ഇതിനോടകം വീഡിയോ ഗാനം നേടി കഴിഞ്ഞു.

സല്‍മാന്‍ഖാനും സൊഹെയ്ല്‍ഖാനും റീല്‍ ലൈഫ് പ്രൊഡക്ഷന്‍ ലിമിറ്റഡും ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രഭുദേവയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ദിഷാ പഠാനിയാണ് ചിത്രത്തില്‍ സല്‍മാന്റെ നായിക.

ഈദ് റിലീസായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. കൊവിഡ് സാഹചര്യത്തില്‍ രാധേ ഒരേ ദിവസം തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്യും. ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും 230 കോടി രൂപയ്ക്ക് സീ സ്റ്റുഡിയോ സ്വന്തമാക്കി കഴിഞ്ഞു.

Top