രഥയാത്ര; ബിജെപി സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

supreame court

ന്യൂഡല്‍ഹി; പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താനുള്ള അനുമതി തേടി ബിജെപി സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ക്രിസ്മസ് അവധിയായതിനാല്‍ ഇനി ജനുവരി രണ്ടിന് മാത്രമേ കോടതി തുറക്കൂ. അതിനാല്‍ ബിജെപി യുടെ ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്നും കോടതി അറിയിച്ചു. രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ച സാഹചര്യത്തിലായിരുന്നു ബിജെപി പശ്ചിമ ബംഗാള്‍ ഘടകം സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രഥയാത്രക്കുള്ള അനുമതി നിഷേധിച്ചത് വര്‍ഗ്ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമായിരുന്നു. അന്ന് സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളും ചുറ്റി മൂന്ന് രഥ യാത്രകളാണ് ബി.ജെ.പി. ബംഗാള്‍ ഘടകം പദ്ധതിയിട്ടിരുന്നത്.

കൂച്ച്ബിഹാറില്‍ മതസംഘര്‍ഷങ്ങളുടെ നീണ്ട ചരിത്രമുണ്ടെന്നും രഥയാത്ര അതാവര്‍ത്തിക്കാന്‍ കാരണമാകുമെന്നും കാണിച്ച് ജില്ലാ പോലീസ് മേധാവി യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇക്കാര്യം അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത ഹൈക്കോടതിയെ ധരിപ്പിക്കുകയും ചെയ്തു. സമാധാനപരമായി യാത്ര നടത്താനാണ് ബി.ജെ.പി. ഉദ്ദേശിക്കുന്നതെന്ന് പാര്‍ട്ടിക്കുവേണ്ടി ഹാജരായ അഡ്വ.അനിന്ദ്യ മിത്ര പറഞ്ഞപ്പോള്‍ എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്വമേല്‍ക്കുമോ എന്ന ചോദ്യത്തിന് ക്രമസമാധാനപാലനം സര്‍ക്കാര്‍ ചുമതലയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടര്‍ന്ന് ഹൈക്കോടതി അനുമതി നിഷേധിക്കുകയായിരുന്നു.

Top