ധീര സൈനികന്‍ പ്രദീപിന് യാത്രാമൊഴി നല്‍കി ജന്മനാട്; മൃതദേഹം സംസ്‌ക്കരിച്ചു

തൃശ്ശൂര്‍: കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന് ജന്മനാട് കണ്ണീരോടെ വിടനല്‍കി. സൈനിക ബഹുമതികളോടെ സംസ്‌ക്കാരം തൃശ്ശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ നടന്നു. പ്രദീപിന്റെ മകന്‍ ദക്ഷിണ ദേവാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള പൊലീസ് അന്തിമോപചാരം അര്‍പ്പിച്ചു. കേരള പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് പിന്നാലെ വ്യോമസേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരം അര്‍പ്പിച്ചു. സംസ്‌ക്കാരത്തിന് മുമ്പായി പ്രദീപിന്റെ യൂണിഫോം സേന കുടുംബത്തിന് കൈമാറി. പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ നടന്ന പൊതുദര്‍ശനത്തിലും വീട്ടിലും ആയിരങ്ങളാണ് അന്തിമോപചരാം അര്‍പ്പിക്കാനായി എത്തിയത്. അസുഖബാധിതനായ പ്രദീപിന്റെ അച്ഛന്‍ രാധാകൃഷ്ണനെ ഇന്നാണ് മകന്റെ മരണവിവരം അറിയിച്ചത്.

കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി കെ രാധാകൃഷ്ണന്‍, വി എം സുധീരന്‍, മന്ത്രി കെ രാജന്‍, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങിവര്‍ പുത്തൂരിലെ സ്‌കൂളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ദില്ലിയില്‍ നിന്നും 11 മണിയോടെ സുലൂര്‍ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാര്‍ഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങി. തൃശ്ശൂരിലേക്ക് മൃതദേഹം എത്തിച്ചപ്പോള്‍ ആയിരങ്ങളാണ് വഴിയരികില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ കാത്തുനിന്നത്.

Top