വംശീയാധിക്ഷേപം; റാഷ്ഫോര്‍ഡിനെ പിന്തുണച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെ പെനാല്‍റ്റി പാഴാക്കിയ ഇംഗ്ലണ്ട് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡിനെ പിന്തുണച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇനിയും റാഷ്ഫോര്‍ഡിനെ പെനാല്‍റ്റിയെടുക്കാന്‍ നിയോഗിക്കുമെന്ന് പരിശീലകന്‍ ഒലേ സോള്‍ഷയര്‍ പറഞ്ഞു. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ റാഷ്ഫോര്‍ഡടക്കം മൂന്ന് താരങ്ങള്‍ വംശീയാധിക്ഷേപം നേരിടുന്ന സാഹചര്യത്തിലാണ് പരസ്യ പിന്തുണയുമായി യുണൈറ്റഡ് രംഗത്തെത്തിയത്.

വെംബ്ലിയിലെ അഭിമാനപ്പോരില്‍ പിഴവ് വരുത്തിയെങ്കിലും മാര്‍ക്കസ് റാഷ്ഫോര്‍ഡിനെ വിശ്വാസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും പരിശീലകനും. ‘ചെങ്കുപ്പായത്തില്‍ പെനാല്‍റ്റി എടുക്കാന്‍ അവസരം വന്നാല്‍ റാഷ്ഫോര്‍ഡ് ഇനിയും മുന്നോട്ടുവരും, യുവതാരം തന്നെ കിക്ക് എടുക്കുകയും ചെയ്യും’ എന്ന് പരിശീലകന്‍ ഒലേ സോള്‍ഷയര്‍ പറഞ്ഞു. പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ സമ്മര്‍ദം ഒഴിവാക്കാന്‍ ഒരുപാട് കളിക്കാര്‍ താത്പര്യപ്പെടുമ്പോള്‍ വെല്ലുവിളി ഏറ്റെടുത്ത റാഷ്ഫോര്‍ഡിനെ വിജയികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും സോള്‍ഷെയര്‍ അഭിപ്രായപ്പെട്ടു.

ഇറ്റലിക്കെതിരെ യൂറോ കലാശപ്പോരില്‍ പെനാല്‍റ്റി പാഴാക്കിയതിന് സാമൂഹ്യമാധ്യമങ്ങളില്‍ വംശീയാധിക്ഷേപം റാഷ്ഫോര്‍ഡ് നേരിട്ടിരുന്നു. റാഷ്ഫോര്‍ഡിനൊപ്പം പെനാല്‍റ്റി പാഴാക്കിയ സാഞ്ചോയും സാക്കയും വംശീയാധിക്ഷേപത്തിന് വിധേയരായി. ഒരു തരത്തിലുള്ള വിവേചനവും അംഗീകരിക്കില്ലെന്നാണ് സംഭവത്തില്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രതികരണം. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് താരങ്ങള്‍ക്കെതിരായ വംശീയാധിക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കറുത്തവര്‍ഗ്ഗക്കാരനായതില്‍ ഒരിക്കലും ഖേദിക്കില്ലെന്ന് തുറന്നെഴുതിയ റാഷ്ഫോര്‍ഡിന് പിന്നില്‍ കായികലോകം അണിനിരക്കുന്നതിനിടെയാണ് യുണൈറ്റഡ് പരിശീലകന്റെ വിശ്വാസപ്രഖ്യാപനം. യുണൈറ്റഡ് സീനിയര്‍ ടീമില്‍ 2015ല്‍ അരങ്ങേറ്റം കുറിച്ച റാഷ്ഫോര്‍ഡ് 179 കളിയില്‍ 55 ഗോള്‍ നേടിയിട്ടുണ്ട്. റോബിന്‍ വാന്‍പേഴ്സിക്ക് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് നേടിയ ഏക യുണൈറ്റഡ് താരം കൂടിയാണ് 23കാരനായ റാഷ്ഫോര്‍ഡ്.

 

 

Top