‘ഡെങ്കി ബാധിച്ചിട്ട് 11-ാം ദിവസം, 90 ശതമാനവും ഭേദമായി’; രചന നാരായണൻകുട്ടിയുടെ കുറിപ്പ്

കാലവർഷം തുടങ്ങിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുകയാണ്. ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സർക്കാർ. ഇപ്പോഴിതാ ഡെങ്കിപ്പനിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി നടി രചന നാരായണൻകുട്ടി. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം രോഗവിവരം പറഞ്ഞത്.

രോ​ഗം ബാധിച്ചിട്ട് 11-ാം ദിവസമായെന്നും 90 ശതമാനം അസുഖം കുറഞ്ഞെങ്കിലും പൂർണ്ണമായും ഭേദമായിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ രചന അറിയിച്ചു. എല്ലാവരും രോ​ഗത്തിനെതിരെ ജാ​ഗ്രത പാലിക്കണമെന്നും ആരോ​ഗ്യമായിരിക്കാൻ ധാരാളം വെള്ളം കുടിക്കാനും, നല്ല ഭക്ഷണം കഴിക്കാനും നടി പറഞ്ഞു.

‘‘എനിക്ക് അസുഖമായിട്ട് ഇന്നിത് 11-ാം ദിവസമാണ്. 90 ശതമാനവും രോ​ഗം ഭേദമായെങ്കിലും ഞാൻ ഇപ്പോഴും റിക്കവറി മോഡിലാണ് എന്നുവേണം പറയാൻ. അതെ ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊർജവും ചോർത്തിയെടുക്കുന്ന വില്ലൻ. അതുകൊണ്ട് എല്ലാവരും ദയവായി സ്വയം ശ്രദ്ധിക്കൂ… രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്…ധാരാളം വെള്ളം കുടിക്കൂ, നല്ല ഭക്ഷണം കഴിക്കൂ, അങ്ങനെ ബ്ലഡ് കൗണ്ട് ഉയർത്താം (എനിക്കറിയാം അത് ബുദ്ധിമുട്ടാണെന്ന് എങ്കിലും). എന്റെ കഥ വളരെ ദീർഘമേറിയതാണ് അതുകൊണ്ട് വിവരിക്കുന്നില്ല. പക്ഷേ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്… ഡെങ്കു ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട്. അതുകൊണ്ട് ദയവായി സൂക്ഷിക്കൂ.

ഫോൺ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവർക്ക് നന്ദി. എന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഈ‌ ചിത്രങ്ങൾ ഈ മാസം ഒൻ‌പതാം തിയതി പകർത്തിയതാണ്, എനിക്ക് അസുഖമാണെന്ന് മനസ്സിലായ ആദ്യ ദിവസങ്ങളിൽ. അപ്പോഴത്തെ ഒരു കൗതുകത്തിൽ പകർത്തിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിൽ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമിള്ളതാണ്, സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ല.’’-രചന പറഞ്ഞു.

Top